വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി

മുക്കം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ് അരുൺ, ഈഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവരുടെ ചികിത്സയ്ക്കായാണ് നാട് കൈകോർക്കുന്നത്. കുട്ടികളുടെ ജീവൻ നിലനിർത്തുന്നതിനും തുടർചികിത്സയ്ക്കുമായി (ജീൻ തെറപ്പി) 50 കോടിയാണ് സമാഹരിക്കേണ്ടത്.
രാജ്യത്ത് ആദ്യമായാണ് ഒരു പ്രസവത്തിൽ ജനിച്ച മൂന്നുകുഞ്ഞുങ്ങൾക്ക് എസ്.എം.എ. 2 എന്ന ജനിതകരോഗം സ്ഥിരീകരിക്കുന്നത്. ഒരു വയസ്സും എട്ടുമാസവുമുള്ളവരാണ് കുട്ടികൾ. ശരീരത്തിലെ എസ്.എം.എൻ. പ്രോട്ടീൻ അളവ് കുറയുന്നതിലൂടെ സുഷുമ്നാ നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾക്ക് നാശംസംഭവിക്കുകയും പേശികളുടെ ശക്തി ക്രമേണ കുറയുകയുംചെയ്യുന്ന ഗുരുതരമായ ജനിതകരോഗമാണിത്.
ഇരിക്കുക, എഴുന്നേൽക്കുക, നടക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ പ്രയാസകരമാകും. നിലവിൽ കുട്ടികൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ധനസമാഹരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പ്രൊഫൈലുകളും ആരംഭിച്ചിട്ടുണ്ട്.
പ്രിയങ്കാഗാന്ധി എം.പി., എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സൂപ്പർ സൗദയാണ് ചെയർപേഴ്ൺ.
അക്കൗണ്ട്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ഐ.എഫ്.എസ്.സി: FDRL0002136.







