ഭൂമി അനധികൃതമായി മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡിലെ ചിറപ്പടി-ഉല്ലാസ്നഗർ ജംഗ്ഷനു സമീപമുള്ള കലുങ്ക് കൈതപോയിൽ അഗസ്റ്യൻമുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചിരുന്നു.
പുതിയതായി മാറ്റി സ്ഥാപിച്ച കലുങ്ക് ഉല്ലാസ്നഗർ റോഡ് ഭാവിയിൽ വീതികൂട്ടുമ്പോൾ തടസ്സം സൃഷ്ടിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ പരാതിപെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
നിയമാനുസൃതമല്ലാതെ നിർമിച്ച കലുങ്ക് പ്രദേശത്തെ ചാലിന്റെ ഒഴുക്കിനെ ബാധിക്കുകയും ഇതിനെ തുടർന്ന് സ്ഥലം ഉടമയായ സ്വകാര്യ വ്യക്തിയോട് വെള്ളം തടസ്സമില്ലാതെ ഒഴുകുന്ന രീതിയിൽ മണ്ണ് മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മണ്ണ് മാറ്റാതെ നിലവിലുള്ള കാന മണ്ണിട്ട് മൂടാൻ ശ്രമം നടത്തിയത് മൂലം മഴയിൽ റോഡ് ചളിക്കുളം ആവുകയും പ്രദേശവാസികളും യാത്രകാരും അപകടത്തിൽ പെടുകയും ചെയ്തതിനെ തുടർന്നു വീണ്ടും മണ്ണിടാനുള്ള നീക്കം നാട്ടുകാർ തടയുകയും അധികാരികളെ അറിയിക്കുകയുമായിരുന്നു. പോലീസും പി ഡബ്ള്യു ഡി എക്സിക്യൂട്ടീവ് എൻജിനീയറും സ്ഥലത്തെത്തുകയും സ്ഥലം ഉടമയോട് എത്രയും വേഗം ചാലിലെ ജലം തടസ്സമില്ലാതെ ഒഴുകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നു താക്കീത് നൽകുകയും ചെയ്‌തു.
സ്വകാര്യ വ്യക്തി മുൻ പി ഡബ്ള്യു ഡി എൻജിനീയറെ സ്വാധീനിച്ചാണ് കലുങ്കിന്റെ സ്ഥാനം മാറ്റിയതെന്ന് ആക്ഷേപമുണ്ട്. തുടർന്നും സ്ഥലം ഉടമയുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായില്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറായ ഷിബു പുതിയേടത്ത് തിരുവമ്പാടി ന്യൂസ്‌നോട് പറഞ്ഞു. നാട്ടുകാരായ ജോസഫ് മാങ്കുഴി, ജോസഫ് ആശാരിപറമ്പിൽ, ജയിൻ തെങ്ങുംതോട്ടത്തിൽ, ജോണി ചക്കിയത്ത് എന്നിവരടങ്ങുന്ന സംഘമാണ് മണ്ണിടുന്നത് തടയാനെത്തിയത്.











