സ്കൂൾ തുറക്കൽ നീളുന്നു, സിലബസ് കുറയ്ക്കും; അധ്യയനവർഷം നഷ്ടമാകില്ല

തിരുവനന്തപുരം ∙ സ്കൂൾ തുറക്കൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതും പരീക്ഷകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയുടെ ഘടനാമാറ്റം ഉൾപ്പെടെയുള്ള മാർഗങ്ങളും ആലോചിക്കാൻ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8ന് ചേരും.
എൻസിഇആർടി മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.
വിദ്യാർഥികൾക്ക് അധ്യയനവർഷം നഷ്ടമാകാതെയുള്ള നടപടികൾക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാർഥികൾക്കു നീറ്റ് ഉൾപ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാൽ കേന്ദ്രനിർദേശങ്ങൾ പ്രകാരം തീരുമാനമെടുക്കും.
അധ്യയന ദിനങ്ങൾ നഷ്ടം
സ്കൂൾ എന്നു തുറക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയൊന്നുമില്ല. ഇനിയും മാസങ്ങളോളം അടഞ്ഞു കിടന്നേക്കാം. ശരാശരി 200 അധ്യയനദിവസമാണു വേണ്ടത്; വിഎച്ച്എസ്ഇക്ക് 220.
പ്രൈമറിക്ക് 800 മണിക്കൂർ, സെക്കൻഡറി, ഹയർ സെക്കൻഡറി–1000 മണിക്കൂർ, വിഎച്ച്എസ്ഇ–1200 മണിക്കൂർ. ഓഗസ്റ്റ് 15 വരെ സ്കൂൾ അടഞ്ഞുകിടക്കുമെന്നു കണക്കാക്കിയാൽ ശരാശരി 56 ദിവസമുള്ള ആദ്യടേം പൂർണമായി നഷ്ടമാകും. ആകെയുള്ളതിന്റെ 25 ശതമാനത്തിലേറെ.
പരിഗണനയിലുള്ള മാർഗങ്ങൾ
∙സ്കൂളുകൾക്ക് ശനിയാഴ്ചകളിലും ക്ലാസ്.
∙ഉത്സവ അവധിദിനങ്ങൾ (ഓണം, ക്രിസ്മസ്) കുറയ്ക്കുക
∙പാദ, അർധവാർഷിക പരീക്ഷകൾ ഒഴിവാക്കി ഒറ്റ വാർഷികപ്പരീക്ഷ മാത്രം, അല്ലെങ്കിൽ പരീക്ഷയുടെ ഘടനാമാറ്റം.
∙കല, കായികോത്സവങ്ങൾ അധ്യയനം നഷ്ടപ്പെടാതെ മാത്രം.
∙പാഠ്യേതരപ്രവർത്തനങ്ങൾ, ലബോറട്ടറി, ലൈബ്രറി എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ
സിബിഎസ്ഇ സിലബസ് കുറയ്ക്കും 30%
ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30% കുറയ്ക്കാൻ നയപരമായ തീരുമാനമെടുത്തതായി ഡയറക്ടർ (അക്കാദമിക്) ജോസഫ് ഇമ്മാനുവൽ അറിയിച്ചു. ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ എൻസിഇആർടി നേരത്തേ പ്രഖ്യാപിച്ച സിലബസ് ഇളവു പ്രകാരമായിരിക്കും ക്ലാസുകൾ.
പാഠ്യഭാഗങ്ങൾ കുറച്ച്, ആശയങ്ങൾ കൂടുതൽ വിപുലീകരിക്കുന്ന രീതിയിലാകും ഇത്. 2021ലെ പരീക്ഷ സാധാരണ പോലെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനോരമ ന്യൂസ് ടിവി ചാനലിൽ വിദ്യാർഥികളുമായുള്ള മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഐസിഎസ്ഇ കുറയ്ക്കും 25%
അടുത്ത വർഷത്തെ ഐസിഎസ്ഇ (10), ഐഎസ്സി (12) പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ 25% കുറയ്ക്കുമെന്നു കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.







