Thiruvambady

പഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ പ്രതിപക്ഷ ബഹളവും ബഹിഷ്കരണവും

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഇന്നലെ ചേർന്ന ബോർഡ് മീറ്റിങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷ മെമ്പർമാർ ഇറങ്ങിപ്പോയി. 2018-19 കാലഘട്ടത്തിൽ ഉണ്ടായ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി സർക്കാർ അനുവദിച്ച പ്രളയ ഫണ്ട് വിനിയോഗത്തിലെ വീഴ്ച മൂലം ഫണ്ട് ലാപ്സ് ആയത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ മെമ്പർമാർ ബഹളം വെച്ചത്.

26.40 ലക്ഷം രൂപയുടെ ഫണ്ട് സമയബന്ധിതമായി ചിലവഴിക്കാൻ കഴിയാത്തത് മൂലം നഷ്ടപ്പെടാൻ കാരണം പ്രസിഡണ്ടിന്റെ കഴിവുകേടാണെന്നും ആയതിനാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മെമ്പർമാർ യോഗം ബഹിഷ്കരിക്കുകയും ഇറങ്ങി പോവുകയും ചെയ്യുകയായിരുന്നു.

മെമ്പർമാരായ ബോസ് ജേക്കബ്, ടി ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, പൗളിൻ മാത്യു എന്നിവരാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.

എന്നാൽ പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം തീർത്തും അനാവശ്യമാണെന്നും നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഫണ്ട് പദ്ധതി തയ്യാറാക്കി നൽകിയാൽ തിരികെ ലഭിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ എന്നപോലെ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോകുകയാണ് ഉണ്ടായതെന്നും പഞ്ചായത്തു പ്രസിഡന്റ് പി ടി അഗസ്റ്റിൻ പ്രതികരിച്ചു.

പ്രതിപക്ഷ മെമ്പർമാരുടെ ഈ പ്രവർത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രസിഡന്റ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button