കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും കൊന്നു

കോടഞ്ചേരി: കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന സംസ്ഥാനസർക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും വെടിവെച്ചുകൊന്നു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ശാന്തിനഗറിൽ മിനിതോമസിന്റെ കൃഷിയിടത്തിലാണ് പന്നിയെ വെടിവെച്ചുവീഴ്ത്തിയത്. ഏകദേശം നാല് വയസുള്ള പന്നിയെയാണ് കുന്നുംപുറത്ത് തങ്കച്ചൻ കൊന്നത്. വനംവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ച ലൈസൻസുള്ള തോക്കുടമയാണ് തങ്കച്ചൻ.
സെക്‌ഷൻ ഫോറസ്റ്റർ എ. പ്രസന്ന കുമാർ, ബീറ്റ് ഫോറസ്ററ് ഓഫീസർ സി. ആനന്ദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വാർഡ് അംഗം സിജി ബിജി എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്ററ് ഡിവിഷൻ അസി.വെറ്ററിനറി സർജൻ അരുൺസത്യൻ പോസ്റ്റ്മോട്ടം നടത്തി. ജഡത്തിൽ ഡീസൽ ഒഴിച്ചതിനുശേഷം കൃഷിയിടത്തിൽ മറവുചെയ്തു. പന്നിശല്യമുള്ള കൃഷിയിടങ്ങളുടെ പട്ടിക ജനജാഗ്രതാസമിതി നേരത്തേ തയ്യാറാക്കിയിരുന്നു. ഇതുപ്രകാരം പഞ്ചായത്തിലെ ലൈസൻസുള്ള ആറ് തോക്കുടമകൾക്ക് പന്നികളെ വെടിവെച്ചുകൊല്ലാൻ വനംവകുപ്പ് അനുമതി നൽകിയിരുന്നു. സർക്കാരിന്റെ പ്രത്യേക ഉത്തരവ് നടപ്പാക്കുന്ന ജില്ലയിലെ ആദ്യപഞ്ചായത്താണ് കോടഞ്ചേരി. ആദ്യ പന്നിയെ കൊന്നതിനുശേഷം ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ഇവിടെ വിവാദമായിരുന്നു. കാട്ടുപന്നിയുടെ ജഡത്തിനോട് അനാദരവ് കാട്ടിയെന്ന് കാണിച്ച് അന്ന് പന്നിയെ വെടിവെച്ചുകൊന്ന എടപ്പാട്ടുകാവുങ്ങൽ ജോർജ് ജോസഫിനെ എംപാനൽ പട്ടികയിൽനിന്ന് വനംവകുപ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ, കർഷകസംഘടനകളുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും ശക്തമായ ഇടപെടലിനെത്തുടർന്ന് വനംവകുപ്പ് നടപടി പിൻവലിച്ചു.







