Thiruvambady

തിരുവമ്പാടിയിലെ സജിതയുടെ ജീവിതമാണ് ഗാർഡിയൻസ് ഓഫ് കാലിക്കറ്റിൽ

കോഴിക്കോട് തിരുവമ്പാടിയിലെ സജിതയുടെ ജീവിതമാണ് ഗാർഡിയൻസ് ഓഫ് കാലിക്കറ്റിൽ …

ഈ ലോകം എനിക്കുകൂടി അവകാശപ്പെട്ടതാണെന്ന ചിന്തയിൽ നിന്നാണ് ജീവിക്കാനുള്ള ആഗ്രഹമുണ്ടായത്. സ്വപ്നങ്ങൾ കാണാത്ത ലക്ഷ്യങ്ങളൊന്നുമില്ലാത്ത തികച്ചും സാധാരണക്കാരിയായ പെണ്ണായിരുന്നു ഞാൻ. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ശാരീരികമായും മാനസികമായും എന്നെ വല്ലാതെ തളർത്തി. എന്നെയും മൂന്നു ആൺമക്കളെയും ഭർത്താവ് സംരക്ഷിക്കാതെയായി. ഇപ്പോൾ അദ്ദേഹം ഞങ്ങൾക്കരികിലില്ല. ഉള്ളപ്പോഴും ഇല്ലാത്തതിനു തുല്യമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങനെ എന്റെ കുഞ്ഞുങ്ങളെ പൂർണ്ണമായും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞാനേറ്റെടുത്തു. കൂലിപ്പണി ചെയ്താണ് മക്കളുടെ വിദ്യാഭ്യാസവും വീട്ടു ചെലവും നടത്തുന്നത്. ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. അതുകൊണ്ട് തലയുയർത്തി അഭിമാനത്തോടെ ജീവിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. പഞ്ചായത്തിൽ നിന്നും കുറച്ചാളുകൾ പണം തന്ന് സഹായിച്ചതുകൊണ്ടും അടുക്കളയും പൂമുഖവും മാത്രമുള്ള ഒരു വീട് പണിയാൻ സാധിച്ചു. സൗകര്യത്തിനു വേണ്ടി വീടിനോട് ചേർന്ന് ചെറിയ മുറി ചായ്ച്ചുകെട്ടി. ഞാനും മക്കളും വലിയ അല്ലലില്ലാതെയാണ് അവിടെ കഴിഞ്ഞു കൂടിയത്. ഇക്കഴിഞ്ഞ പ്രളയത്തിൽ ചായ്ച്ചുകെട്ടിയ മുറി പൂർണ്ണമായും നിലംപൊത്തി. എന്റെ ഇളയ മകൻ രാത്രി അവിടെയായിരുന്നു കിടന്നുറങ്ങിയത്. തകർന്നു വീഴുന്നതിന് മിനിറ്റുകൾക്കു മുമ്പ് അരിഷ്ടം കുടിക്കാൻ അവനെ ഞാൻ വിളിച്ചുണർത്തിയതുകൊണ്ട് അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്ന കാര്യമോർത്ത് ഇപ്പോഴും ഒരു മരവിപ്പാണ്. ഇപ്പോൾ എനിക്കു മുമ്പിൽ
മികച്ച ജോലി നേടണമെന്ന ലക്ഷ്യമുണ്ട്. അതിനു വേണ്ടി അബാക്കസ് കോഴ്സ് ചെയ്യുന്നുണ്ട്. ഒപ്പം പത്താംതരം തത്തുല്യമെഴുതി വിജയിക്കണം. എങ്ങുമെത്താതെപോയ എന്റെ ജീവിതത്തിന് അർത്ഥം കണ്ടെത്തണമെങ്കിൽ പരിശ്രമിച്ചേ പറ്റൂ. എന്റെ അധ്വാനത്തിന്റെ ഒരു പങ്ക് കഷ്ടതകൾ അനുഭവിക്കുന്നവർക്ക് വേണ്ടി മാറ്റിവെക്കുകയാണ് പതിവ്. ജീവിതം മെച്ചപ്പെടുമ്പോൾ സമൂഹത്തിനു വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാൻ. സ്വാർത്ഥരാകാതെ ആരുമില്ലാത്തവർക്ക് നമ്മളാൽ കഴിയുംവിധം താങ്ങാവാൻ സാധിച്ചാൽ അതിൽ പരം സന്തോഷം വെറെ ഒന്നിൽ നിന്നും ലഭിക്കില്ല. നമ്മുടെ ഒരു ചിരി മതി മറ്റുള്ളവരെ പോസിറ്റീവാക്കാൻ. കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് എനിക്കിടയിൽ സ്ഥാനമില്ല. ജീവിക്കാനുള്ള പോരാട്ടത്തിലാണ്, അതിന് ചിരിച്ചു മുന്നേറണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

2 + seventeen =

Back to top button
Close
Close