തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണ വിഷയത്തിൽ യോഗം ചേർന്നു

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിലെ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിൽ കലുങ്ക് നിർമ്മിക്കാതെ റോഡ് നിർമ്മാണ പ്രവർത്തികൾ തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർമാർ, ജനപ്രതിനിധികൾ, പോലീസ് ഇൻസ്‌പെക്ടർ, കരാറുകാർ തുടങ്ങിയവരെ വിളിച്ച്കൂട്ടി യോഗം ചേർന്നു.
സ്ഥലം എം എൽ എ ജോർജ് എം തോമസ് മുൻപ് നൽകിയ വാഗ്ദാനമായ ജനങ്ങൾ ആവശ്യപ്പെടുന്ന കലുങ്ക് നിർമ്മിച്ചു നൽകാൻ യോഗത്തിൽ തീരുമാനമായി. എന്നാൽ റോഡ് ഗതാഗതം പൂർണമായും നിർത്തിവെച്ചുകൊണ്ട് മാത്രമേ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കൂ എന്ന നിലപാടിൽ തന്നെയാണ് കരാറുകാരൻ ഉറച്ചുനിൽക്കുന്നത്. ഇത്തരത്തിൽ റോഡ് പൂർണ്ണമായും അടച്ച് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ ഒരു മാസത്തോളം സമയമാണ് കരാറുകാരന് നൽകിയിരിക്കുന്നത്.
ബദൽ പാഥയില്ലാതെ കലുങ്ക് നിർമ്മാണം നടത്തുന്നത് കുടുംബ ആരോഗ്യ കേന്ദ്രം, അഗസ്ത്യൻമുഴി എന്നിവിടങ്ങളിലേക്ക് യാത്രാ പ്രതിസന്ധി സൃഷ്ടിക്കും. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് ഐക്യധാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.







