ഓപ്പറേഷൻ തൂഫാൻ ലഹരിയുടെ മരണസംസ്കാരത്തിൽ നിന്ന് നാടിന് മോചനം നൽകും, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

തിരുവമ്പാടി : യു.ഡി.എഫ്. സർക്കാരിന്റെ സമഗ്ര ലഹരിനിർമാർജന പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ നാടിന്റെ ശാപവും ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹിക ദുരന്തവുമായ ലഹരിയുടെ മരണസംസ്കാരത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകാൻ സഹായകമാകുമെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു.മദ്യ-ലഹരി വിരുദ്ധ സമിതിയുടെ രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യമെന്ന വ്യത്യാസമില്ലാതെ ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു .
വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതും അപകടകരമാണെന്നും വളരുന്ന തലമുറയെയും സമൂഹത്തെയും വിനാശത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സമിതി ഡയറക്ടർ ഫാ. ജിന്റോ മച്ചുകുഴിയിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കുര്യൻ ചെമ്പനാനി, സെക്രട്ടറി ജോളി ഉണ്ണിയെപ്പിള്ളിൽ, ടി.ടി. തോമസ്, കെ.സി. ജോസഫ്, ജോർജ് വാഴയിൽ, സിസ്റ്റർ ആഗ്നസ് ജോസഫ്, സണ്ണി ടി.ജെ., പി.വി. ജോൺ, ജോയിക്കുട്ടി ലൂക്കോസ്, സിസ്റ്റർ ഗീത സി.എം.സി. തുടങ്ങിയവർ പ്രസംഗിച്ചു.







