India

ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി മുൻഎംഎൽഎ സെൻഗാർ കുറ്റക്കാരൻ; വിധി പറഞ്ഞ് കോടതി

ന്യൂഡൽഹി: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഉന്നാവ് ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി വിധി. ഡൽഹി താസ് ഹസാരി കോടതിയാണ് സെൻഗാർ കുറ്റക്കാരനെന്ന് വിധിച്ചത്. ബുധനാഴ്ച കേസിൽ വിധി പറയും. ഉന്നാവിലെ ജോലി തേടിയെത്തിയ ദളിത് പെൺകുട്ടിയെ അന്ന് എംഎൽഎയായിരുന്ന സെൻഗാർ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പെൺകുട്ടി പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ കേസെടുക്കാൻ കൂട്ടാക്കാതിരുന്ന പോലീസ് പെൺകുട്ടിയും കുടുംബവും സത്യാഗ്രഹവുമായി സെൻഗാറിന് വസതിക്ക് മുന്നിലെത്തിയതോടെയാണ് പരാതി സ്വീകരിച്ചതും സെൻഗാറിനെ അറസ്റ്റ് ചെയ്തതും. പിന്നീട് യുപിയിലെ വിചാരണയിലും പെൺകുട്ടിയുടെ സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി വിചാരണ ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.

നിരന്തരം ഭീഷണികൾക്കും അപായപ്പെടുത്തലുകൾക്കും വിധേയയായ പെൺകുട്ടിയും കുടുംബവും നീതിക്ക് വേണ്ടി ഏതറ്റം വരേയും പോകാൻ തയ്യാറായതിന്റെ ഫലമാണ് ഇന്നുണ്ടായ കോടതി വിധി. കേസിന്റെ തുടക്കം മുതൽ ബിജെപി എംഎൽഎയായിരുന്ന സെൻഗാറിനെ സംരക്ഷിക്കുന്ന സമീപനമായിരുന്നു യോഗി സർക്കാരും ബിജെപി നേതൃത്വവും കൈക്കൊണ്ടത്. ഇരയായ പെൺകുട്ടിയെ അപായപ്പെടുത്താനും ശ്രമങ്ങളുണ്ടായി. പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതും ലോക്കപ്പ് മർദ്ദനത്തിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതും ഏറെ വിവാദമായി.

ഇതിനിടെ കേസ് വിചാരണയ്ക്കിടെ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചുകയറ്റി പെൺകുട്ടിയേയും കുടുംബത്തേയും അഭിഭാഷകനേയും കൊലപ്പെടുത്താനും ശ്രമവുമുണ്ടായി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയാണ് ജീവൻ രക്ഷിച്ചത്.

സെൻഗാർ കുറ്റക്കാരനെന്ന് വിധിച്ചതോടെ ബിജെപി നേതൃത്വത്തിന് തന്നെ നാണക്കേടാവുകയാണ്. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനം വീണ്ടും ചർച്ചയാവുന്നതിനിടെയാണ് ബിജെപി നേതാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Back to top button