തിരുവമ്പാടി പുന്നക്കൽ റോഡ് രണ്ടാംഘട്ട പ്രവർത്തി പുനരാരംഭിച്ചു

തിരുവമ്പാടി: ഏതാനും മാസങ്ങളായി നിർമ്മാണ പ്രവർത്തികൾ നിലച്ച നിലയിൽ കിടന്നിരുന്ന തിരുവമ്പാടി – പുന്നക്കൽ റോഡ് നവീകരണത്തിന്റെ രണ്ടാംഘട്ടത്തിലെ പ്രവൃത്തി പുനരാരംഭിച്ചു. 2019 ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്‌ത രണ്ടാംഘട്ട നവീകരണത്തിൽ 1.8 കിലോമീറ്റർ റോഡ് നവീകരിക്കാൻ 3.5 കോടി രൂപയാണ് അനുവദിച്ചത്.
തുടർന്ന് ഇഴഞ്ഞുനീങ്ങിയ നവീകരണ പ്രവൃത്തിയിൽ 10 മീറ്റർ വീതിയിൽ നവീകരിക്കേണ്ട റോഡിന്റെ പല ഭാഗങ്ങളിലും പണി തുടങ്ങിയിരുന്നില്ല. പലയിടത്തും ഡ്രെയിനേജുകളും കലുങ്കുകളും നിർമിക്കാതെയാണ് നവീകരണമെന്ന് നാട്ടുകാർക്ക് പരാതിപെട്ടിരുന്നു.
ഇത്തരത്തിൽ മാസങ്ങൾക്ക്
മുൻപ് മെറ്റൽ നിരത്തിപോയ കരാറുകാർ പിന്നീട് തിരിഞ്ഞുനോക്കിയില്ല എന്നാരോപിച്ച് സമീപവാസികളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മെറ്റലുകൾ ചിതറി കുഴിയായി കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാവുന്ന രൂക്ഷമായ പൊടി ശല്യവും റോഡ് ഗതാഗത യോഗ്യമാക്കാത്തതുമാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.






