അമ്മത്തൊട്ടിൽ ഇനി കോഴിക്കോട്ടും.

കോഴിക്കോട്: നിസ്സഹായരായ അമ്മമാർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ അമ്മത്തൊട്ടിൽ ഇനി കോഴിക്കോട്ടും. ബീച്ചാശുപത്രിയിലാണ് അമ്മത്തൊട്ടിൽ സ്ഥാപിക്കാൻ അനുമതിയായത്. ഇലക്ട്രോണിക് പ്രവർത്തനരീതിയാണ് ഈ അമ്മത്തൊട്ടിലിന്റെ പ്രത്യേകത.
ബീച്ചാശുപത്രിയുടെ മാസ്റ്റർ പ്ലാനിൽതന്നെ അമ്മത്തൊട്ടിലിന് സ്ഥലം ഉൾപ്പെടുത്തിയിട്ടുണ്ട്. എ. പ്രദീപ്കുമാർ എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും അനുവദിച്ചു.
ബീച്ചാശുപത്രിയുടെ തെക്കുഭാഗത്താണ് അമ്മത്തൊട്ടിൽ നിർമിക്കുന്നത്. കുഞ്ഞിനെയുമെടുത്ത് പ്രവേശന കവാടത്തിലെത്തുമ്പോൾ വാതിൽ തനിയേ തുറക്കും. കുഞ്ഞിനെ വച്ചുകഴിഞ്ഞാൽ തനിയെ വാതിൽ അടയുകയും ചെയ്യും.
ഉടൻതന്നെ സൈറൻ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ വിവരം അറിയാനാവും. ആശുപത്രിയധികൃതർക്ക് കുഞ്ഞിന്റെ ആരോഗ്യപരിശോധനകൾക്കുശേഷം നിയമനടപടികൾ പൂർത്തീകരിച്ച് കുഞ്ഞിനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറാം.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡാണ് നിർവഹണഏജൻസി. ജില്ലാ വനിതാശിശു വികസനവകുപ്പിനാണ് ചുമതല







