India

പ്രതിഷേധം ശക്തമാകുന്നു: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.

എക്‌സൈസ് നികുതി കഴിഞ്ഞവര്‍ഷം രണ്ട് തവണ കൂട്ടിയിരുന്നു. ഇന്ധനവില കുറഞ്ഞ സമയത്തായിരുന്നു എക്‌സൈസ് നികുതി കൂട്ടിയത്. ഈ നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. പെട്രോളിയം മന്ത്രാലയമാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പെട്രോളിയം മന്ത്രാലയം ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ധനമന്ത്രാലയവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

അതേസമയം, ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസും മുടങ്ങും.

ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം സ്തംഭിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പണിമുടക്കുന്ന സാഹചര്യത്തില്‍, ഇന്നു നടക്കാനിരുന്ന എസ്എസ്എല്‍സി – ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button