ഇറക്കവും വലിയ വളവുകളും ഓടത്തെരുവിൽ അപകടം തുടർക്കഥ

മുക്കം: വലിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിന്റെ ഒടുവിലെ ഇരകളാണ് ഓടത്തെരുവിലെ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ്കുട്ടിയും ജമാലും. സംസ്ഥാനപാതയിൽ ഇറക്കവും വലിയ വളവുകളുമുള്ള ഓടത്തെരുവിൽ അപകടം തുടർക്കഥയാണെന്ന് നാട്ടുകാർ പറയുന്നു. വളവുകളിൽനിന്നുള്ള ഓവർടേക്കിങ്ങും ഇറക്കമിറങ്ങി വരുമ്പോഴുള്ള അമിതവേഗവുമാണ് മിക്ക അപകടകൾക്കും കാരണം.
വലിയ ലോഡുമായി കയറ്റംകയറാൻ ബുദ്ധിമുട്ടുന്ന ലോറികളെ ഈ വളവുകളിൽവച്ച് മറികടക്കുന്നത് നിത്യസംഭവമാണ്. രാവിലെ 8.30 മുതൽ 10.30 വരെയും വൈകീട്ട് 3.30 മുതൽ 5.30 വരെയും സംസ്ഥാനപാതയിൽ ഗതാഗതത്തിരക്ക് രൂക്ഷമാണ്. നൂറുകണക്കിന് ടിപ്പർലോറികളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ലോഡ് പണിസ്ഥലങ്ങളിൽ എത്തിച്ച് അടുത്ത ലോഡ് എടുക്കാനുള്ള മരണപ്പാച്ചിലിലാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
അപകടസൂചനാബോർഡുകളോ വേഗംനിയന്ത്രിക്കാനുള്ള മറ്റു സംവിധാനങ്ങളോ ഇവിടെയില്ല. ഇറക്കവും വലിയ വളവുകളുമുള്ള റോഡിൽ അപകടസാധ്യതാ മുന്നറിയിപ്പ് നൽകുന്ന ലൈറ്റുകൾ കണ്ണടച്ചിട്ട് വർഷമൊന്ന് പിന്നിട്ടതായി നാട്ടുകാർ പറയുന്നു.
അപകടസാധ്യതയെത്തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം കെൽട്രോണാണ് സിഗ്നൽലൈറ്റുകളും മുന്നറിയിപ്പുബോർഡും സ്ഥാപിച്ചത്. നോർത്ത് കാരശ്ശേരി ഭാഗത്തുനിന്നുള്ള ആദ്യവളവിലും എൻ.സി. ആശുപത്രി പരിസരത്തുമാണ് സിഗ്നൽ സ്ഥാപിച്ചിരുന്നത്. ആശുപത്രിക്കുസമീപം ലൈറ്റ് സ്ഥാപിച്ച ഇരുമ്പുതൂൺ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. സോളാർസംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന ലൈറ്റ് ബാറ്ററി തകരാറിലായതിനെത്തുടർന്നാണ് കത്താതായത്.
• ഇന്നെലെ നടന്ന അപകടകാരണം ലോറിഡ്രൈവറുടെ അശ്രദ്ധ
കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ ടിപ്പർലോറിയിടിച്ച് സ്കൂട്ടർയാത്രികരായ രണ്ടുപേർ മരിക്കാനിടയായത് ലോറിഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് മുക്കം പോലീസ്. നിറയെ ലോഡുമായി കയറ്റം കയറിവരുകയായിരുന്ന ലോറി തെറ്റായദിശയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റോഡിനുനടുവിലൂടെയുള്ള മഞ്ഞവര ലംഘിച്ച് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പോലീസ് കരുതുന്നത്. ലോറിയുടെ ഇടതുവശത്തെ ടയറുകൾ മഞ്ഞവരയോട് ചേർന്നായിരുന്നു. ഇരുചക്രവാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലംമാത്രമേ റോഡിൽ അവശേഷിച്ചിരുന്നുള്ളൂ. സംഭവംനടന്ന ഉടനെ ലോറിഡ്രൈവർ ഓടിരക്ഷപ്പെടുകയായിരുന്നു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. മുക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് റോഡിലെ രക്തം കഴുകിക്കളഞ്ഞത്.







