Mukkam

മോദിയും പിണറായിയും തമ്മിൽ വലിയ വ്യത്യാസമില്ല -ചാണ്ടി ഉമ്മൻ

മുക്കം : കേരളം ഭരിക്കുന്നത് മുണ്ടുടുത്ത മോദിയാണെന്നും നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ.

കഴിഞ്ഞ അഞ്ചുവർഷം ഒരു വികസനവും സംസ്ഥാനത്ത് നടപ്പാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നും കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടായില്ലെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ‘ന്യൂജെൻ വിത്ത് സി.പി.’ എന്ന പേരിൽ മുക്കത്ത് സംഘടിപ്പിച്ച വിദ്യാർഥികളുമായുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരശ്ശേരി സഹകരണ ബാങ്ക് പരിസരത്ത് നടന്ന പരിപാടിയിൽ തിരുവമ്പാടി മണ്ഡലത്തിലെ സമഗ്രമേഖലയെയും സംബന്ധിക്കുന്ന ചോദ്യങ്ങളായിരുന്നു വിദ്യാർഥികൾ ഉന്നയിച്ചത്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയുമായി സി.പി. ചെറിയ മുഹമ്മദും രംഗത്തെത്തിയതോടെ പരിപാടി വിദ്യാർഥികൾക്കും ആവേശമായി. കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് അമൽ തമ്പി അധ്യക്ഷനായി.

എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി സി.ജെ. ആന്റണി, മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡന്റ് എം.ടി. അഷ്‌റഫ്, യു.ഡി.എഫ്. മണ്ഡലം കൺവീനർ കെ.ടി. മൻസൂർ, മജോഷ് മാത്യു, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്, കെ.എസ്‌.യു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ദിശാൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button