Kozhikode

ഫ്ലാറ്റിലെ കൂരിരുട്ടിൽ നീറുന്ന ജീവിതപാഠം; 12 കുടുംബങ്ങൾ 3 മാസമായി വൈദ്യുതിയില്ലാതെ ദുരിതത്തിൽ

കോഴിക്കോട് ∙ കല്ലുത്താൻകടവ് ഫ്ലാറ്റിലെ 6–ാം നിലയിലെ 613–ാം നമ്പർ മുറിയിൽ മെഴുകുതിരി വെട്ടത്തിലാണു വിഷ്ണുപ്രിയയുടെയും വിഷ്ണുമായയുടെയും പഠനം. ഒരാൾ മൊബൈലിലും മറ്റൊരാൾ പുസ്തകത്തിലും നോക്കിയാണു പഠിക്കുന്നത്. കടുത്ത ചൂടുണ്ട്. ഇതിനു പുറമേ കൊതുകുകടിയും. വൈദ്യുതവിളക്കും ഫാനുമെല്ലാം ഇവിടെയുണ്ട്. പക്ഷേ, ഇവ പ്രവൃത്തിക്കാൻ വൈദ്യുതി മാത്രം ഇല്ല. പുറത്ത് ട്യൂബ് ലൈറ്റുകൾ തെളിയുന്നുണ്ടെങ്കിലും ഇവരുടേത് ഉൾപ്പെടെ 12 ഫ്ലാറ്റുകളിൽ വൈദ്യുതിയില്ല. നടക്കാവ് കോർപറേഷൻ കോളനിയിൽ നിന്നു കല്ലുത്താൻകടവ് ഫ്ലാറ്റിലേക്ക് മാറ്റിയ 12 കുടുംബങ്ങളാണ് 3 മാസമായി ദുരിതമനുഭവിക്കുന്നത്.

കോർപറേഷനിലെ കണ്ടിൻജൻസി തൊഴിലാളികളായ ഇവർ ഉച്ചയ്ക്കു ജോലി കഴിഞ്ഞാൽ പിന്നീട് കോർപറേഷൻ, കെഎസ്ഇബി ഓഫിസുകൾ കയറിയിറങ്ങുകയാണ്. വൈദ്യുതിയുടെ കാര്യത്തിൽ തീരുമാനമാക്കാൻ. കോർപറേഷനിൽ നിന്നു പറയുന്നത് കെഎസ്ഇബി ഓഫിസിലേക്ക് കത്തയച്ചിട്ടുണ്ടെന്നാണ്. കെഎസ്ഇബിക്കാർ പറയുന്നത് കോർപറേഷൻ പണം അടയ്ക്കണമെന്നാണ്. ഓരോ ഓഫിസിൽ നിന്ന് ഇങ്ങനെ മറുപടി കേട്ട് മടങ്ങുകയാണെന്നു മാത്രം.

ഒരു മുറി, ഒരു അടുക്കള, വരാന്ത, ശുചിമുറി എന്നിവ അടങ്ങിയ സൗകര്യമാണുള്ളത്. ഇതിനു പ്രതിമാസം 3,500 രൂപ വീട്ടുവാടക ഇനത്തിൽ ശമ്പളത്തിൽ നിന്ന് പിടിക്കുന്നുണ്ട്. പകൽ എങ്ങനെയും ബുദ്ധിമുട്ടി നിൽക്കും. ചൂടു കൂടുന്നതിനാൽ രാത്രി കിടക്കാൻ പറ്റുന്നില്ല. അതിനാൽ കുറച്ചു ദിവസമായി ചില വീട്ടുകാർ കിടക്കാൻ ബന്ധുവീടുകളിലേക്ക് പോകുകയാണ്. ഇവർ ഉൾപ്പെടെ 12 വീട്ടുകാർ ചൂടു കൂടുന്നതിനാൽ ഇവിടെ താമസിക്കാൻ പറ്റാതെ ബുദ്ധിമുട്ടുകയാണ്. വോട്ടു തേടി വരുന്നവരോടെല്ലാം വീട്ടുകാർ അനുഭവം വിവരിച്ചിട്ടുണ്ട്.

നടക്കാവ് കോർപറേഷൻ കോളനിയിൽ നിന്നു കല്ലുത്താൻകടവ് ഫ്ലാറ്റിലേക്ക് മാറ്റിയ  12 കുടുംബങ്ങൾ 3 മാസമായി വൈദ്യുതിയില്ലാതെ ദുരിതത്തിൽ 

Related Articles

Leave a Reply

Back to top button