Thamarassery

താമരശ്ശേരിയില്‍ ദേശീയപാതാ നവീകരണത്തിലെ അപാകത; വിജിലന്‍സും പൊതുമരാമത്ത് വകുപ്പും പരിശോധന നടത്തി

താമരശ്ശേരി: താമരശ്ശേരിയില്‍ ദേശീയപാതാ നവീകരണത്തിലെ അപാകത സംബന്ധിച്ച പരാതിയില്‍ വിജിലന്‍സും പൊതുമരാമത്ത് വകുപ്പും പരിശോധന നടത്തി. താമരശ്ശേരി ചുങ്കം മുതല്‍ അടിവാരം വരെയുള്ള ഭാഗം ടാറിംഗ് നടത്തിയിതിന് പിന്നാലെ തകര്‍ന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ഇളക്കിമാറ്റിയ ടാറിംഗിന്റേതുള്‍പ്പെടെയുള്ള സാമ്പിളുകളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കോഴിക്കോട് ബംഗളൂരു ദേശീയപാതയില്‍ കോടികള്‍ മുടക്കി ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ് തകര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു. ടാറിംഗ് ഇളകി റോഡില്‍ വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. സംഭവം വാര്‍ത്തയായതോടെ ദേശീയപാതാ വിഭാഗം ഇടപെടുകയും വിള്ളലുണ്ടാ ഭാഗങ്ങളിലെ ടാറിംഗ് ഇളക്കിമാറ്റി വീണ്ടും ടാറിംഗ് നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ പുതിയ ടാറിംഗും മണിക്കൂകള്‍ക്കുള്ളില്‍ തകര്‍ന്നു. ഇതിനിടെ കൂടുതല്‍ സ്ഥലങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ മുഖ്യമന്ത്രി ഉള്‍പ്പെടയെുള്ളവര്‍ക്ക് പരാതി നല്‍കി. താമരശ്ശേരി ചുങ്കം സ്വദേശി അബ്ദുല്‍ മജീദ് നല്‍കിയ പരാതിയിലാണ് ശനിയാഴ്ച വിജിലന്‍സ് സംഘവും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്തരും പരിശോധനക്കെത്തിയത്. കോഴിക്കോട് വിജിലന്‍സ് സെല്‍ ഇന്‍സ്പെക്ടര്‍ ജെ ഇ ജയന്‍, എ എസ് മാരായ മുരളി, അബ്ദുസ്സലാം എന്നിവരടങ്ങിയ വിജിലന്‍സ് സംഘവും ദേശീയപാതാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കോയമോന്റെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. പ്രവൃത്തിയിലെ ക്രമക്കേട് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതായാണ് സൂചന. പ്രവൃത്തി നടത്തിയ കമ്പനിക്കും ചുമതലയുള്ള ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Back to top button