Kozhikode

എന്ത് ‘ഓൺലൈൻ’, വരിനിൽക്കൂ തളരും വരെ; താളം തെറ്റി വാക്സീൻ വിതരണം

കോഴിക്കോട്: ‘ഓൺലൈനായി റജിസ്റ്റർ ചെയ്തിട്ട് കാര്യമില്ല, പുലർച്ചെ മുതൽ വരി നിന്നാൽ വാക്സീൻ ലഭിച്ചേക്കും’– കുറച്ചു ദിവസങ്ങളായി ജില്ലയിലെ ചില വാക്സീൻ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പൊതുജനങ്ങൾക്കു കേൾക്കേണ്ടിവരുന്ന അറിയിപ്പാണിത്. മുൻകൂട്ടി ഓൺലൈനിൽ കൃത്യസമയം തിരഞ്ഞെടുത്ത് ചെന്നിട്ടും വാക്സീൻ വിതരണം ചെയ്തു കഴിഞ്ഞെന്ന അറിയിപ്പാണ് മിക്കയിടത്തു നിന്നും ലഭിക്കുന്നത്. ഓൺലൈൻ റജിസ്ട്രേഷൻ അട്ടിമറിച്ചും രണ്ടാം ഡോസ് വാക്സീൻ ലഭിക്കാതെയും ജില്ലയിലെ വാക്സീൻ വിതരണ സംവിധാനം താറുമാറായ നിലയിലാണ്. കോവിഷീൽഡാണോ കോവാക്സിനാണോ വിതരണം ചെയ്യുന്നതെന്നു മുൻകൂട്ടി അറിയാനും നിർവാഹമില്ല. 

ഇതു കാരണം രണ്ടാം ഡോസ് വാക്സീൻ എടുക്കാനെത്തുന്നവരും എവിടെപ്പോകണമെന്നറിയാതെ കുഴങ്ങുന്നു. അതത് ഇടങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. ഇന്നലെ മുതൽ ചില കേന്ദ്രങ്ങളിൽ ഓൺലൈൻ റജിസ്ട്രേഷൻ ചെയ്തവർക്കു മാത്രമേ വാക്സീൻ നൽകൂ എന്ന അറിയിപ്പും നൽകിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനം വർധിച്ചതോടെ വാക്സീൻ എടുക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് സംവിധാനം താറുമാറായത്. 

ജില്ലയിലെ ചില വാക്സീൻ വിതരണ കേന്ദ്രങ്ങളിൽ പുലർച്ചെ 6 മുതൽ വരി ആരംഭിക്കും. ആദ്യം ടോക്കൺ ലഭിക്കുന്ന 100 പേർക്കു മാത്രമേ വാക്സീൻ ലഭിക്കൂ. ഓൺലൈനായി റജിസ്റ്റർ ചെയ്ത് എത്തുന്നവർക്കും രണ്ടാം ഡോസ് എടുക്കാനെത്തുന്നവർക്കും വാക്സീൻ ലഭിക്കാത്ത സ്ഥിതിയാണ്. ഇതൊന്നുമറിയാതെ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഓൺലൈൻ റജിസ്ട്രേഷൻ സംവിധാനം നിർബന്ധമാക്കുകയും റജിസ്ട്രേഷനുള്ള സൗകര്യം വ്യാപകമാക്കുകയും ചെയ്താൽ തിരക്കും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Back to top button