ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന കാലംപാറ തൂക്കുപാലം അപകടാവസ്ഥയിൽ

കോടഞ്ചേരി ∙ ഇരുവഞ്ഞിപ്പുഴയിൽ 2019ൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന മുണ്ടൂർ കാലംപാറ തൂക്കുപാലം അറ്റകുറ്റപ്പണികൾ പോലും നടത്താതെ അപകടാവസ്ഥയിൽ. പഞ്ചായത്തിലെ കൂരോട്ടുപാറ, മുണ്ടൂർ, നാരങ്ങാത്തോട് പ്രദേശത്തെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലുമായി ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിനു മുകളിൽ വെള്ളം കയറി ഒഴുകിയെത്തിയ വൻമരങ്ങളും മറ്റും പാലത്തിൽ കുടുങ്ങി നടക്കാനുള്ള സ്ലാബുകൾ തെന്നിമാറി തകരാറിലായിരുന്നു.
പാലത്തിൽ ഇരുമ്പ് റോപ്പിൽ തൂക്കിയിട്ടിരിക്കുന്ന സ്ലാബുകൾ അപകടകരമാംവിധം വളഞ്ഞുപുളഞ്ഞ് തൂങ്ങിക്കിടക്കുകയാണ് ഇപ്പോൾ. അപകടകരമായ പാലത്തിലൂടെ ആളുകൾ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. മഴയിൽ ഇരുവഞ്ഞിപ്പുഴയിൽ വെള്ളം ഉയരുമ്പോൾ പാലത്തിലൂടെയുള്ള സഞ്ചാരം ഭീതിജനകമാണ്.കുട്ടികളും സ്ത്രീകളും അടക്കം ഒട്ടേറെ പേരാണ് ബലക്ഷയം വന്ന പാലത്തിലൂടെ നിത്യേന വന്നു പോകുന്നത്.
തകരാറിലാകുന്നതിനു മുൻപ് പ്രകൃതി സുന്ദരമായ ഇരുവഞ്ഞിപ്പുഴയിലെ കാലംപാറ തൂക്കുപാലം ടൂറിസ്റ്റുകളുടെയും കല്യാണ ആൽബങ്ങൾ എടുക്കുന്നവരുടെയും ഇഷ്ട കേന്ദ്രമായിരുന്നു.തകരാർ പരിഹരിക്കാനോ തൂക്കുപാലത്തിന്റെ സുരക്ഷ ഉറപ്പു വരുത്താനോ അധികൃതരുടെ ഭാഗത്തു നിന്നു നടപടിയൊന്നുമില്ല. 2008-ൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച പാലമാണിത്. ബലം ഉള്ളതും വണ്ണം ഉള്ളതുമായ ഇരുമ്പ് റോപ്പാണ് പാലത്തിനുള്ളത്. ഇതിനു തകരാറില്ല. നിലവിലുള്ള പ്ലാറ്റ്ഫോം സ്ലാബുകൾ ഉറപ്പിച്ച് ഇരുമ്പ് റോപ്പ് വലിച്ചു കെട്ടുന്ന പ്രവൃത്തിയാണ് അടിയന്തരമായി നടത്തേണ്ടത്.







