നിർധന കുടുംബത്തിന് അപേക്ഷിച്ച ഉടൻ വൈദ്യുതി എത്തിച്ച് കെഎസ്ഇബി

തിരുവമ്പാടി ∙ തറിമറ്റത്തെ നിർധനരും രോഗികളുമായ കുടുംബത്തിന് അപേക്ഷിച്ച ഉടനെ വൈദ്യുതി എത്തിച്ച് തിരുവമ്പാടി കെഎസ്ഇബി അധികൃതർ മാതൃകയായി. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സഹായ കമ്മിറ്റി കെഎസ്ഇബിക്ക് അപേക്ഷ നൽകുകയായിരുന്നു.കെഎസ്ഇബി അധികൃതർ പവർക്കോ ഇലക്ട്രിക്കൽസിന്റെ സഹായത്തോടെ വയറിങ് നടത്തി വൈദ്യുതി എത്തിച്ചു.
കണ്ണിനു കാഴ്ചയില്ലാത്ത ആനന്ദിന്റെയും ഹൃദ്രോഗിയായ ലക്ഷ്മിയുടെയും കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞതോടെ ആനന്ദിന്റെ കണ്ണിന്റെ ശസ്ത്രക്രിയയും ലക്ഷ്മിയുടെ ചികിത്സയും കെഎംസിടി മെഡിക്കൽ കോളജ് ഏറ്റെടുത്തിരുന്നു. വൈദ്യുതിയുടെ സ്വിച്ച് ഓൺ കർമം തിരുവമ്പാടി കെഎസ്ഇബി അസി.എൻജിനീയർ ടി.ജി.ജോമി നിർവഹിച്ചു.പഞ്ചായത്ത് അംഗം ഷൈനി ബെന്നി, കെഎസ്ഇബി ഉദ്യോഗസ്ഥരായ വി.ഷാനവാസ്, ബിനു ജോർജ്, അപ്പു കോട്ടയിൽ,ഹനീഫ ആച്ചപറമ്പിൽ, ബിനു വടയാറ്റുകുന്നേൽ, സജിത് കൂരാപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.







