Kozhikode

നിലവാരമില്ലാത്ത 20 ലക്ഷത്തിന്റെ പൾസ് ഓക്‌സിമീറ്ററുകൾ കണ്ടെത്തി

കോഴിക്കോട് : ജില്ലയിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപയുടെ ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്ററുകൾ കണ്ടെത്തി. ഇവയുടെ വിൽപ്പന തടയുകയും വിപണിയിലേക്ക് നൽകിയവ ഉൾപ്പെടെ തിരിച്ചെടുത്ത് നിർമാതാക്കൾക്കുതന്നെ കൈമാറാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് നഗരപരിധിയിലെ മൊത്തവ്യാപാര കടകളിലാണ് ശനിയാഴ്ച പ്രധാനമായും പരിശോധന നടന്നത്. 25-ഓളം കടകളാണ് പരിശോധിച്ചത്. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു.

സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറുടെ നിർദേശപ്രകാരം വിവിധ സ്ക്വാഡുകളായാണ് പരിശോധന നടന്നത്. മെഡിക്കൽ ഡിവൈസസ് റൂൾസിന് വിരുദ്ധമായി അടിസ്ഥാന വിവരങ്ങളായ നിർമാതാക്കളുടെ പേരോ, മേൽവിലാസമോ, ബാച്ച് നമ്പറോ, നിർമാണത്തീയതിയോ രേഖപ്പെടുത്താതെയാണ് മിക്ക പൾസ് ഓക്സിമീറ്ററുകളും വിൽപ്പന നടത്തിയിരുന്നതെന്നാണ് കണ്ടെത്താനായത്. ഇവ സൂക്ഷിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും ലൈസൻസും ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്നവയാണെങ്കിൽ ഇറക്കുമതി ചെയ്യുന്നവരുടെ പേരും അഡ്രസ്സും കൂടാതെ യഥാർഥ നിർമാതാക്കളുടെ പേരുവിവരങ്ങളും വേണമെന്നാണ് വ്യവസ്ഥ. എന്നാൽ പണ്ടുമുതലേ ഉള്ള കമ്പനികളിലൊഴികെ ഇതൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. ആവശ്യം കൂടിയതോടെ ചൈനീസ് ഉത്പന്നങ്ങളാണ് കടകളിൽ കൂടുതലും കണ്ടെത്തിയത്.

ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം ജില്ലയിൽ 23 ലക്ഷത്തിന്റെ ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്ററുകളുടെ വിൽപ്പനയും തടഞ്ഞു.

കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സുജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ റീജണൽ ഡ്രഗ് ഇൻസ്പെക്ടർ ഷാജി വർഗീസ്, ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ വി.കെ. ഷിനു, ഡ്രഗ് ഇൻസ്പെക്ടർമാരായ സി.വി. നൗഫൽ, കെ. നീതു, യു. ശാന്തികൃഷ്ണ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button