കിണർ വെള്ളത്തിന് മണ്ണെണ്ണയുടെ ഗന്ധം; വീട്ടുകാർ ആശങ്കയിൽ

കോഴിക്കോട് : കിണറിലെ വെള്ളത്തിന് മണ്ണെണ്ണയുടെ മണവും ഗുണവും അനുഭവപ്പെട്ടതോടെ വീട്ടുകാർ ആശങ്കയിൽ. വെള്ളിപറമ്പ് ഉമ്മളത്തൂർ മീത്തൽ തലാഞ്ചേരിതാഴം കുട്ടിഹസ്സന്റെ വീട്ടിലെ കിണറിലെ വെള്ളത്തിനാണ് ഈ പ്രത്യേകത അനുഭവപ്പെട്ടത്.
ഒരാഴ്ചമുമ്പ് കിണറിലെ വെള്ളത്തിന്റെ മുകളിൽ പാടകെട്ടിയതിനെ തുടർന്ന് വെള്ളം പൂർണമായും വറ്റിച്ച് കിണർ വൃത്തിയാക്കിയിരുന്നു. തുടർന്നാണ് വെള്ളത്തിന് മണ്ണെണ്ണയുടെ മണം അനുഭവപ്പെട്ടത്. കത്തിച്ചപ്പോൾ കത്തുന്നതായും കണ്ടുതുടർന്ന് വെള്ളം സി.ഡബ്ള്യു.ആർ.ഡി.എമ്മിലേക്ക് പരിശോധനയ്ക്ക് അയച്ചു. വെള്ളത്തിൽ ഓയിലിന്റെ സാന്നിധ്യമുള്ളതായാണ് കണ്ടെത്തിയതെന്ന് സി.ഡബ്ള്യു.ആർ.ഡി.എമ്മിൽനിന്ന് ലഭിച്ച ഫലത്തിൽ പറയുന്നത്.
അതേസമയം വ്യാഴാഴ്ചമുതൽ കിണറ്റിൽ പാടയുണ്ടെങ്കിലും മണ്ണെണ്ണയുടെ മണമില്ല. അടുത്തവീട്ടിലെ കിണറിലെ വെള്ളം പരിശോധിച്ചതിലും ഓയിലിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
ക്രൂഡ് ഓയിലിന്റെ അംശമില്ല
ക്രൂഡ് ഓയിൽ എന്ന നിലയിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സി.ഡബ്ള്യു.ആർ.ഡി.എം. അധികൃതർ പറഞ്ഞു.ഓയിലിന്റെയും ഗ്രീസിന്റെയും രൂപത്തിലാണ് വെള്ളം കാണപ്പെടുന്നത്. ഇരുമ്പിന്റെ അംശം കൂടുതലുണ്ടെങ്കിലും കുഴമ്പ് രൂപത്തിലാവാൻ സാധ്യതയുണ്ട്. കിണറിൽ മണ്ണെണ്ണയോ മറ്റോ പുറത്തുനിന്ന് എത്തിയതാണോയെന്നും പരിശോധിക്കണം. ഗ്രൗണ്ട് വാട്ടർ വകുപ്പിൽനിന്ന് ജിയോളജിസ്റ്റുമാർ പരിശോധന നടത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് സി.ഡബ്ള്യു.ആർ.ഡി.എം. അധികൃതർ വിശദീകരിച്ചു.






