Kozhikode

എച്ച് വണ്‍ എന്‍ വണ്‍; ആശങ്കപ്പെടേണ്ടതില്ല; വീര്യം കുറഞ്ഞ വൈറസിനെയാണ് കണ്ടെത്തിയത്; ആരോഗ്യ മന്ത്രി

കോഴിക്കോട്: കോഴിക്കോട് ആനയാംകുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. താരതമ്യേന വീര്യം കുറഞ്ഞ വൈറസിനെയാണ് കണ്ടെത്തിയത്. അതിനാല്‍ ആശങ്ക പെടേണ്ട അവസ്ഥയില്ല. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.

പനിയും മറ്റും രോഗങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തണം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടാല്‍ രോഗികളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ 210 പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ പനിക്ക് ചികിത്സ തേടിയത്. ഇന്ന് മാത്രം 34 പേര്‍ ചികിത്സ തേടിയതായാണ് കണക്ക്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗം സ്ഥിരീകരിച്ചത്.

ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 163 കുട്ടികളും 13 അധ്യാപകരും പനിബാധിതരായതോടെയാണ് വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടത്. പനി ശ്രദ്ധയില്‍ പെട്ടതോടെ ഹയര്‍സെക്കണ്ടറി സ്‌കൂളിന് വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു. അതെസമയം തൊട്ടടുത്ത ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നിട്ടുണ്ട്. ഇതോടെ സ്‌കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Back to top button