തിരുവമ്പാടിയിലെ വ്യാപാര മാൾ നിർമാണത്തിന് സബ് കളക്ടറുടെ സ്റ്റോപ്പ് മെമ്മോ.

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ വ്യാപാരമാൾ നിർമാണത്തിന് സബ് കളക്ടറുടെ സ്റ്റോപ്പ് മെമ്മോ. ഫ്ലാറ്റിനോട് ചേർന്ന് വൻതോതിൽ മണ്ണെടുത്ത് സുരക്ഷാഭിത്തിയില്ലാതെ പണിയുന്ന കെട്ടിടനിർമാണത്തിനെതിരേ ഫ്ലാറ്റ് ഉടമ നൽകിയ പരാതിയിന്മേലാണ് കെട്ടിടനിർമാണം നിർത്താൻ സബ് കളക്ടർ ഉത്തരവിട്ടത്. അമ്പലപ്പാറ റോഡിനോട് ചേർന്നുള്ള പെട്രോൾപമ്പിന് സമീപമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കെട്ടിടം നിർമിക്കുന്നത്.
റോഡിൽനിന്ന് ചെങ്കുത്തനെയുള്ള ഭാഗത്തായാണിത്. 40 മീറ്ററോളം ആഴത്തിൽ മണ്ണെടുത്താണ് നിലം നികത്തിയത്. ഇതിനെതിരേ സമീപത്തെ ഫ്ലാറ്റ് ഉടമ പരേറ്റുകുഴിയിൽ ആമിന അലി കളക്ടർ, റവന്യൂമന്ത്രി, റവന്യൂ ഡിവിഷൻ ഓഫീസർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
തന്റെ ഉടമസ്ഥതയിലുള്ള 35 സെന്റ് ഭൂമിയിൽനിന്ന് 25 സെന്റ് സ്ഥലം നേരത്തേ വിറ്റിരുന്നതായും ഇത് പലതവണ കൈമാറ്റംചെയ്യപ്പെട്ടാണ് ഒടുവിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഉടമസ്ഥതയിലെത്തിയതെന്നും കോൺക്രീറ്റ് ഭിത്തി പണിതുതരുമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയിരുന്നത് ലംഘിക്കപ്പെട്ടതായും പരാതിയിൽ പറയുന്നു. മഴ ശക്തമായതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതായും ചുറ്റിലും ഇരുമ്പുഷീറ്റുകൊണ്ട് മറച്ച് പണി നടത്തുന്നതിനാൽ നിർമാണത്തെക്കുറിച്ച് അറിയാൻ സാധിക്കുന്നില്ലെന്നും പരാതിയിലുണ്ട്.
ഒന്നരമാസമായി കോവിഡ് പിടിച്ച് കിടപ്പായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് ആമിനയുടെ ഭർത്താവ് അലി പറഞ്ഞു. അതേസമയം പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് അറിയിച്ചു.സുരക്ഷാഭിത്തി പണിയാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ല. നിയമാനുസൃതമായാണ് വ്യാപാരമാളിന് കെട്ടിടം പണിയുന്നത്. ഇതിനുമുമ്പ് തന്നെ മുൻസ്ഥലമുടമകൾ ഇവിടെനിന്നു വലിയതോതിൽ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.
ഇതിന് ശേഷമാണ് ഫ്ലാറ്റ് നിർമിച്ചത്. സബ് കളക്ടറുടെ സ്റ്റോപ്പ് മെമ്മോയ്ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും തോമസ് പറഞ്ഞു.







