തിരുവമ്പാടി മണ്ഡലത്തിൽ ജൽജീവൻ മിഷൻ പദ്ധതി വരുന്നു

തിരുവമ്പാടി : 2024 വർഷത്തോടെ എല്ലാ ഗ്രാമീണഭവനങ്ങളിലും ശുദ്ധജലം എത്തിക്കുക എന്ന സർക്കാർനയത്തിന്റെ ഭാഗമായുള്ള ജൽജീവൻ മിഷൻ പദ്ധതി തിരുവമ്പാടി മണ്ഡലത്തിൽ നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലും രണ്ടാംഘട്ടത്തിൽ പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക.
കാരശ്ശേരി എള്ളങ്ങലിൽ 40 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് കൂളിമാട് വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പമ്പിങ് സ്റ്റേഷനിൽനിന്നും ശുദ്ധീകരിച്ചജലം എത്തിക്കുന്നതാണ് പദ്ധതി. ഇവിടെനിന്നും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലേക്കും തിരുവമ്പാടി അൻസിലഭവൻ കുന്നിലേക്കും കൂടരഞ്ഞി ഗോൾഡൻഹിൽ കുന്നിലേക്കും ടാങ്ക് നിർമിച്ച് വെള്ളം സംഭരിച്ച് അവിടെനിന്നും വിതരണശൃംഖല വഴി വെള്ളം എത്തിക്കുന്നതാണ് പദ്ധതി. ആദ്യഘട്ടപദ്ധതിക്ക് 242.6 കോടിരൂപയുടെ അടങ്കൽ ആണ് അംഗീകരിച്ചിട്ടുള്ളത്.
രണ്ടാംഘട്ടത്തിൽ ചാത്തമംഗലം തണ്ണിക്കോട് മലയിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽനിന്നും ഒമ്പത് പഞ്ചായത്തുകളിലേക്ക് ശുദ്ധീകരിച്ച വെള്ളം എത്തിക്കും. പുതുപ്പാടി ചെറുപ്ലാട്, കോടഞ്ചേരി തെയ്യപ്പാറ എന്നീ സ്ഥലങ്ങളിലാണ് ടാങ്കുകൾക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
മണ്ഡല അവലോകനയോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. ടാങ്കിന് ആവശ്യമായസ്ഥലം വേഗത്തിൽ ഏറ്റെടുക്കാനും പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രത്യേക അജൻഡവെച്ച് ചർച്ചചെയ്യുന്നതിനും യോഗത്തിൽ തീരുമാനമായി.







