ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ടുമാസം: തുറന്നിട്ടും തുറക്കാതെകക്കാട് വില്ലേജ് ഓഫീസ് കെട്ടിടം
കാരശ്ശേരി : ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും കക്കാട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം തുറന്നുകൊടുത്തില്ല. പുതിയ കെട്ടിടം പണിത് ഉദ്ഘാടനം നടത്താൻ 20 മാസംകൊണ്ട് സാധിച്ചു. അതുകഴിഞ്ഞ് എട്ടുമാസം കഴിഞ്ഞിട്ടും വൈദ്യുതിയും വെള്ളവുമെത്തിക്കാൻ സാധിക്കാത്ത സ്ഥിതി. അതിനാൽ 25 ലക്ഷം മുടക്കി പണിതീർത്ത കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ് ഇപ്പോഴും. കാരശ്ശേരി ബാങ്ക് കെട്ടിടത്തിൽ താത്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിലാകട്ടെ നിറയെ അസൗകര്യംമാത്രം. കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ ബാങ്കധികൃതർ ആവശ്യമുന്നയിച്ച് മടുത്തു. രണ്ടര വർഷത്തിലേറെയായി വില്ലേജ് ഓഫീസിനുവേണ്ട വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചെലവ് ബാങ്കിന് ബാധ്യതയായിരിക്കയാണ്.
നോർത്ത് കാരശ്ശേരി കൊടിയത്തൂർ റോഡരുകിൽ ചോണാടാണ് പഴയ കെട്ടിടം പൊളിച്ച് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം പണിതത്. 2020 ഒക്ടോബർ 15-ന് പുതിയ കെട്ടിടം ഉദ്ഘാടനംചെയ്തു. വയറിങ്ങും പ്ലംബിങ്ങും ചുറ്റുമതിലും ഗെയിറ്റുമുൾപ്പെടെ 10 ലക്ഷത്തോളം രൂപയുടെ ജോലികൾ പൊതുമരാമത്ത് വിഭാഗം ഇനിയും പൂർത്തിയാക്കാനുണ്ട്.