ചോർന്നൊലിക്കുന്ന കുടിലിൽനിന്ന് മോചനം കാത്ത് ഒരു കുടുംബം

കോടഞ്ചേരി∙ മഴ പെയ്താൽ ചോർന്നൊലിക്കുന്ന ചെറ്റക്കുടിലിൽ നിന്നു മോചനത്തിനായി അധികൃതരുടെ കനിവു തേടി ഒരു കുടുംബം. മൺകട്ടയും മുള പൊട്ടിച്ചുണ്ടാക്കിയ തൈതലും കൊണ്ട് ഭിത്തി മറച്ച് ഓലയും പ്ലാസ്റ്റിക്കും വലിച്ചു കെട്ടി ഉണ്ടാക്കിയ ഉറപ്പില്ലാത്ത കുടിലിലാണ് ടാപ്പിങ് തൊഴിലാളിയായ തെയ്യപ്പാറ മഠത്തിൽ ജിമ്മി ജോർജും ഭാര്യയും 3 മക്കളും അന്തിയുറങ്ങുന്നത്.വർഷങ്ങളായി പഞ്ചായത്തിലും മറ്റും അപേക്ഷകൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
എപിഎൽ കാർഡുകാരാണ് എന്ന കാരണത്താലാണ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്.ഒൻപതിലും ഏഴിലും ഒന്നിലും പഠിക്കുന്ന മൂന്നു കുട്ടികൾക്കും ഓൺലൈൻ പഠനത്തിനു മൊബൈൽ ഫോണുമില്ല. കുടിലിലായതുകൊണ്ട് വൈദ്യുതിയും ഇല്ല. അടച്ചുറപ്പ് ഇല്ലാത്ത വീട്ടിൽ വിഷപ്പാമ്പുകൾ കയറുന്നതു മൂലം ഭയപ്പാടിലാണ് ഈ കുടുംബം കഴിയുന്നത്. കുടിൽ നിലം പൊത്താറായ അവസ്ഥയിലാണ്.ലൈഫ് മിഷൻ ഭവന പദ്ധതി ലിസ്റ്റിൽ ഈ കുടുംബത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. 20 സെന്റ് ഭൂമി ജിമ്മി ജോർജിനുണ്ട്. അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല നടപടികളൊന്നും ഉണ്ടാകാതായതോടെ പകരം സംവിധാനങ്ങൾക്കു സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തിനായി കൈനീട്ടുകയാണ് ഈ കുടുംബം.







