നായയ്ക്കുമറിയാം റോഡിലെ നിയമം; ട്രാഫിക് ബോധവൽക്കരണത്തിന് ഈ ദൃശ്യം

കോഴിക്കോട്∙ നിയമം തെറ്റിച്ചു വാഹനമോടിക്കുന്നവരും തോന്നുംപോലെ റോഡ് കുറുകെ കടക്കുന്നവരും ഈ നായയെ കണ്ടുപഠിക്കുക. ട്രാഫിക് സിഗ്നൽ കൃത്യമായി പാലിച്ചു കോഴിക്കോട് നഗരത്തിലെ റോഡിലെ സീബ്രാവരയിലൂടെ റോഡു കുറുകെ കടക്കുന്ന നായയുടെ വിഡിയോ ദൃശ്യം ട്രാഫിക് ബോധവൽക്കരണത്തിന് ഉപയോഗിക്കുകയാണ് പൊലീസ്. ജനുവരി 3 ന് പുതിയറ ജംക്ഷനിലെ ട്രാഫിക് സിഗ്നലിൽ സിറ്റി ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.ടി.ശ്യാംരാജാണ് നായയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്. സീബ്രാവരയുടെ ഒരറ്റത്ത് ഏറെ നേരം കാത്തുനിൽക്കുന്ന നായ വാഹനങ്ങൾ നിർത്തി, കാൽനടയാത്രക്കാർക്കുള്ള സിഗ്നൽ തെളിയുമ്പോൾ റോഡ് കുറുകെ കടക്കുന്നതാണ് വിഡിയോയിലുള്ളത്. പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിൽ വൈറലായ ദൃശ്യവും ബോധവൽക്കരണത്തിന് ഉപയോഗിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ദൃശ്യം പകർത്തിയ ശ്യാരാജിനെ മന്ത്രി എ.കെ.ശശീന്ദ്രൻ ആദരിച്ചു.
FROM ONMANORAMA…
Read more at: https://www.manoramaonline.com/district-news/kozhikode/2020/01/12/kozhikode-traffic-rules.html







