പൗരത്വ നിയമം: ഭീഷണി കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട് ∙ സംസ്ഥാനത്ത് സാധാരണ നടക്കാറുള്ള സെൻസസ് മാത്രമേ നടത്തുകയുള്ളൂവെന്നും ഒരു സെന്റീമീറ്റർ പോലും അതിനപ്പുറത്തേക്കു സർക്കാർ അധികം പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ സമിതിയുടെ ഭരണഘടനാ സംരക്ഷണ മഹാറാലി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയ പൗരത്വ റജിസ്റ്ററിലേക്കുള്ള (എൻആർസി) ചതിക്കുഴിയാണു ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ). ആർഎസ്എസ്സിന്റെ ഉള്ളിലിരിപ്പു നടപ്പാക്കാനുള്ളതല്ല ഇവിടെയുള്ള ഗവൺമെന്റ്. ഭീഷണി കേരളത്തിൽ ചെലവാകില്ലെന്നും സുരക്ഷിത കോട്ടയിലാണു നമ്മൾ താമസിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് പരതി ആരും പുറപ്പെടേണ്ടതില്ല.
ഇവിടെ ജനിച്ച ആർക്കും ആരുടെയും സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല. റേഷൻകാർഡിൽ പ്രവാസികളെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസല്യാർ അധ്യക്ഷനായിരുന്നു. കെ.പി.രാമനുണ്ണി ഭരണഘടനയുടെ ആമുഖം വായിച്ചു.
മന്ത്രിമാരായ കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, എളമരം കരീം എംപി, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി, ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ, സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.പി.അബ്ദുൽ വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.
FROM ONMANORAMA…
Read more at: https://www.manoramaonline.com/district-news/kozhikode/2020/01/13/kozhikode-nrc-survey.html






