കോഴിക്കോട് അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് അന്ധവിശ്വാസം

കോഴിക്കോട്: പയ്യാനക്കലിലെ അഞ്ചുവയസ്സുകാരി ആയിഷ റെനയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെത്തുടർന്നെന്ന് പോലീസ്. ഇബ്‌ലീസ് ഉണ്ടെന്ന കാരണത്താൽ മാതാവ് സെമീറ തുണികൊണ്ട് മൂക്കും വായയും അമർത്തിപ്പിടിക്കുന്നത് കണ്ടെന്ന് സെമീറയുടെ മൂത്തമകൾ മൊഴി നൽകിയതായി പന്നിയങ്കര പോലീസ് ഇൻസ്പെക്ടർ റജീനാ കെ. ജോസ് പറഞ്ഞു.
സെമീറ നേരത്തേ ഒരു മന്ത്രവാദിയുടെ അടുത്തെത്തിയിരുന്നതായും സംഭവദിവസം മന്ത്രവാദി പയ്യാനക്കലിലെ വീട്ടിലിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രവാദിയെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. അതേസമയം, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുന്ന സെമീറയുടെപേരിൽ പോലീസ് കൊലക്കുറ്റം ചുമത്തി.
പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽനിന്നും വീട്ടിലുണ്ടായിരുന്ന സമീറയുടെ മൂത്തമകളിൽനിന്നും പോലീസ് മൊഴിയെടുത്തു. ബുധനാഴ്ച വൈകീട്ടാണ് പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ നവാസ്-സെമീറ ദമ്പതിമാരുടെ മകൾ ആയിഷ റെന കൊല്ലപ്പെട്ടത്.
വീട്ടിൽനിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു







