കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോ: നടപടി തുടങ്ങി ഒരുവ്യാഴവട്ടമായിട്ടും തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോ നിർമാണം സാങ്കേതികക്കുരുക്കിൽ

തിരുവമ്പാടി : നടപടി തുടങ്ങി ഒരുവ്യാഴവട്ടമായിട്ടും തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോ നിർമാണം സാങ്കേതികക്കുരുക്കിൽത്തന്നെ. 2010-ൽ പ്രവർത്തനം ആരംഭിച്ച സബ്ഡിപ്പോയുടെ നിർമാണത്തിന് 2016-17-ൽ അന്നത്തെ എം.എൽ.എ. ജോർജ്. എം. തോമസ് ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ അനുവദിച്ചെങ്കിലും നിർമാണനടപടികൾ സ്തംഭനാവസ്ഥയിലാണ്. സ്ഥലത്തിന്റെ തരംമാറ്റം, കൈമാറ്റം, കരാർകമ്പനിയുടെ പിൻവാങ്ങൽ എന്നീ കാരണങ്ങളാൽ സാങ്കേതികക്കുരുക്കിലകപ്പെട്ടുകിടക്കുകയാണ് ഡിപ്പോ നിർമാണം.
തിരുവമ്പാടി ബസ്‌സ്റ്റാൻഡിനോട് ചേർന്ന് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ബസ്‌സ്റ്റാൻഡ് കെട്ടിടത്തിൽ ഓഫീസുകളുമുണ്ട്. പ്രളയത്തിൽ മുങ്ങുന്നയിടത്താണ് 11 വർഷമായി താത്കാലിക ഗാരേജ് പ്രവർത്തിക്കുന്നത്. വെള്ളക്കെട്ട് ഭീഷണിമൂലം ബസുകൾ സമീപത്തെ സേക്രഡ് ഹാർട്ട് ചർച്ച് വളപ്പിലേക്ക് മാറ്റുകയാണ് പതിവ്. ഏതാണ്ട് ഒരുകിലോമീറ്റർ അകലെയുളള കറ്റിയാട്ടെ 1.75 ഏക്കർ സ്ഥലത്താണ് നിർദിഷ്ട സബ്ഡിപ്പോയും ബസ് സ്‌റ്റേഷനും.
വിടാതെ സാങ്കേതികക്കുരുക്കുകൾ
തണ്ണീർത്തട ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം ഡിപ്പോയ്ക്കായി ഏറ്റെടുത്തതിൽ തുടങ്ങുന്നു സാങ്കേതികക്കുരുക്കുകൾ. ഭൂമിയുടെ 10 ശതമാനം ജലസംരക്ഷണത്തിന് മാറ്റിവെക്കണമെന്ന വ്യവസ്ഥയോടെ ഒടുവിൽ തരംമാറ്റം അംഗീകരിച്ച് കൃഷിവകുപ്പ് ഉത്തരവിട്ടു. പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നാണ് 45 ലക്ഷം രൂപ ചെലവഴിച്ച് ഡിപ്പോയ്ക്ക് സ്ഥലംവാങ്ങിയത്. ഇത് കെ.എസ്.അർ.ടി.സി.യുടെ പേരിലേക്ക് മാറ്റിയിരുന്നില്ല. കെട്ടിടം രൂപകല്പനചെയ്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സെസൈറ്റിക്കുതന്നെ നിർമാണച്ചുമതല നൽകിയിരുന്നു. ടെൻഡറില്ലാതെ കരാർ നൽകിയതിനെതിരേ കരാറുകാരുടെ സംഘടന കോടതിയെ സമീപിച്ചു. സി. മോയിൻകുട്ടി എം.എൽ.എ. ആയിരുന്നപ്പോൾ അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് ചതുപ്പുനിലം മണ്ണിട്ടുനികത്തുകയും സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്തത്. 2018 സെപ്റ്റംബർ 21-നാണ് അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ശിലാസ്ഥാപനം നിർവഹിച്ചത്.
ആധാരത്തിൽ വയലായ സ്ഥലം തരംമാറ്റിയാൽ മാത്രമേ പ്രവൃത്തിതുടങ്ങാൻ സാധിക്കൂ. പഞ്ചായത്തിന്റെ അധീനതയിലുളള സ്ഥലം മറ്റൊരു വകുപ്പിന് കൈമാറാൻപാടില്ലെന്ന ഓഡിറ്റ് വിലക്ക് ഉണ്ടായതോടെ സ്ഥലം കൈമാറ്റംനടന്നില്ല. നിലവിലെ പ്ലാൻപ്രകാരം 10 കോടി രൂപ കണ്ടെത്തി നിർദിഷ്ടസ്ഥലത്ത് ഡിപ്പോ പണിയാൻ സംയുക്തവകുപ്പുകളുടെ കൂട്ടായ പരിശ്രമമാണ് വേണ്ടത്.







