Mukkam

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടിയില്ലന്ന്

മുക്കം: ജലവിതരണവകുപ്പിന്റെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. മുക്കം പോലീസ് സ്റ്റേഷന് സമീപം ആശുപത്രി ജങ്ഷനിലാണ് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. വാഹനങ്ങൾ വേഗത്തിൽപോകുമ്പോൾ വെള്ളം കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും ദേഹത്തേക്ക് തെറിക്കുന്ന സ്ഥിതിയാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ജലഅതോറിറ്റി ദിവസങ്ങൾക്കുമുൻപ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൈപ്പിൽനിന്ന്‌ വെള്ളം ഒഴുകുന്നത് വീണ്ടും തുടരുകയാണ്. പൈപ്പിൽനിന്ന് തുടർച്ചയായി വെള്ളം ഒഴുകി റോഡ് തകരുകയും ചെയ്തിട്ടുണ്ട്.

റോഡിൽ രൂപപ്പെട്ട കുഴിയിൽ വെള്ളംനിറഞ്ഞത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്. പൈപ്പിൽനിന്നു വരുന്ന വെള്ളം ദൂരത്തേക്ക് ഒഴുകുന്നതിനാൽ വ്യാപാരികളും ദുരിതം നേരിടുന്നുണ്ട്. മലയോരമേഖലയിലെ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന മുക്കം കുടുംബാരോഗ്യകേന്ദ്രം, ഇ.എം.എസ്. ആശുപത്രി, ഗ്രേസ് പാലിയേറ്റീവ് കെയർ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഇത്തരത്തിൽ മുക്കം നഗരസഭയിലെ ഒട്ടറെ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാലപ്പഴക്കംവന്ന പൈപ്പുകൾ യഥാസമയം മാറ്റാത്തതും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് പലയിടത്തും പൈപ്പുകൾ പൊട്ടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു

Related Articles

Leave a Reply

Back to top button