സംസ്ഥാനങ്ങൾക്ക് പൗരത്വ ഭേദഗതി നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ല; നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് നിലപാട്: കപിൽ സിബൽ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി കോൺഗ്രസ് എംപിയും അഭിഭാഷകനുമായ കപിൽ സിബൽ. സംസ്ഥാനങ്ങൾക്ക് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ കഴിയില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കപിൽ സിബൽ പറഞ്ഞു. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദമാക്കി. പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ലെന്ന് കപിൽ സിബൽ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയാണ് കഴിഞ്ഞ ദിവസം പൗരത്വഭേദഗതി സംബന്ധിച്ച് കപിൽ സിബൽ അഭിപ്രായപ്രകടനം നടത്തിയത്. ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. പാർലമെന്റ് പാസ്സാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങൾ പറയുന്നത് ഭരണഘടനാപരമായി ഏറെ പ്രയാസകരമായ കാര്യമാണെന്നായിരുന്നു കപിൽ സിബലിന്റെ വാക്കുകൾ.
‘പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും സംബന്ധിച്ച് തങ്ങൾ അസന്തുഷ്ടരാണെന്ന് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന് സന്ദേശമയയ്ക്കുകയാണ്. ജനസംഖ്യാരജിസ്റ്ററുമായി ബന്ധപ്പെട്ട ജോലികൾ നടത്താൻ തങ്ങൾ തയ്യാറല്ലെന്നാണ് സംസ്ഥാനങ്ങൾ പറയുന്നത്. ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് എനിക്ക് സംശയമുണ്ട്. അതൊരു ഇരുണ്ട അധ്യായമാണ്’- കപിൽ സിബൽ അഭിപ്രായപ്പെട്ടതിങ്ങനെ.







