സ്കൂൾ തുറക്കൽ മുന്നൊരുക്കം; നിയോജകമണ്ഡലതല യോഗം മുക്കത്ത് ചേർന്നു

മുക്കം: നവംബർ 1 ന് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിൻറെ നേതൃത്വത്തിൽ നിയോജകമണ്ഡലതല യോഗം മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്നു. 1 മുതൽ 7 വരെയുള്ള ക്ലാസുകളും 10,12 ക്ലാസുകളും നവംബർ 1 മുതലും, ബാക്കുയുള്ളവ നവംബർ 15 മുതലും ക്ലാസ്സുകൾ ആരംഭിക്കാനിരിക്കെ എടുക്കണ്ട മുന്നൊരുക്കങ്ങളാണ് യോഗം ചർച്ച ചെയ്തത്.
പൂർണ്ണമായും സർക്കാർ പുറത്തിറക്കിയ മാർഗ രേഖ പ്രകാരമായിരിക്കണം സ്കൂളുകളും പ്രവർത്തനം. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസിലുള്ള കുട്ടികളുടെ പകുതി കുട്ടികൾക്ക് ഹാജരാകാവുന്നതാണ്. കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്കൂൾ ബസ് ഡ്രൈവർമാർ മറ്റ് താത്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്. സ്കൂളുകളുടെ അണുനശീകരണത്തിന് ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് ടീമും ആവശ്യമായ സഹായം ചെയ്യേണ്ടതാണ്. സ്കൂളുകളിൽ കോവിഡ് പ്രോട്ടോക്കോൾ പരിശോധന, സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന, സൈബർ കൗൺസിലിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അതത് പ്രദേശത്തെ സി.ഐ മാരുടെ മേൽനോട്ടത്തിൽ നടത്തേണ്ടതാണ്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്/മുനിസിപ്പൽ തലങ്ങളിലും വാർഡ് മെമ്പർമാരുടെ നേതൃത്തിൽ സ്കൂളുകളിലും വിപുലമായ യോഗം ചേർന്ന് ആവശ്യമായ തീരുമാനങ്ങൾ എടുക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷക്കുട്ടി സുൽത്താൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ജോസ്മോൻ മാവറ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ,മുക്കം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പി.ഐ ഷംസുദ്ദീൻ, കോടഞ്ചേരി എസ്.ഐ അഭിലാഷ് കെ.സി, മുക്കം എസ്.ഐ സജിത്ത് എന്നിവർ സംസാരിച്ചു. മുക്കം ഉപജില്ലാ എ.ഇ.ഒ ഓംകാരനാഥൻ സ്വാഗതവും എച്ച്.എം ഫോറം കൺവീനർ അഗസ്റ്റിൻ മഠത്തിൽപറമ്പിൽ നന്ദിയും പറഞ്ഞു.







