Kodanchery

യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി; പ്രതിഷേധ പ്രകടനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലേക്കു പ്രവേശിക്കുന്ന പി.ഡബ്ല്യു.ഡി റോഡുകളുടെ അഴിമതി നിറഞ്ഞ നിർമ്മാണത്തിൽ പ്രതിഷേധിച്ചുകൊണ്ടും അടിക്കടി ഉയരുന്ന പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ടും യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ പ്രതിഷേധം പ്രകടനവും യോഗവും നടത്തി.

അഗസ്ത്യമുഴി- കൈതപ്പോയിൽ റോഡും, കോടഞ്ചേരി- മൈക്കാവ് -കൂടത്തായി റോഡിൻ്റെയും നിർമാണത്തിലെ അഴിമതിയും മെല്ലെപ്പോക്കും മൂലം കോടഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾ സമാനതകളില്ലാത്ത യാത്രാക്ലേശം അനുഭവിക്കുകയാണ്. കൂടത്തായി റോഡിൽ കലുങ്ക് നിർമ്മിക്കാൻ അശാസ്ത്രീയമായ രീതിയിൽ റോഡ് പൊളിച്ചത് കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയായിരിക്കുകയാണ്. അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിൻറെ സംരക്ഷണ ഭിത്തികൾ തുടർച്ചയായി ഇടിയുന്നത് നിർമാണത്തിലെ അപാകതയും അഴിമതിയും കാരണമാണ്. നിരന്തരമായ ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് യോഗം കുറ്റപ്പെടുത്തി.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രസ്തുത റോഡുകൾ സന്ദർശിച്ചിരുന്നുവെങ്കിലും അന്നു നൽകിയ വാഗ്ദാനങ്ങൾ നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല. അഴിമതിയ്ക്ക് കുടപിടിക്കുന്ന ഈ സമീപനം മന്ത്രിയും സർക്കാരും തിരുത്തി ഇരു റോഡിൻെറയും കരാറുകാർക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ച് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധയോഗം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആൽവിൻ ജോസഫ് ഊന്നുകല്ലേൽ നേതൃത്വം നൽകിയ സമരത്തിൽ നിയോജകമണ്ഡലം സെക്രട്ടറി സിജോ കാരികൊമ്പിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് ജാസിം കരിമ്പാലകുന്ന്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡൻറ് അമൽ തമ്പി, കെ എസ് യു മണ്ഡലം പ്രസിഡണ്ട് ജോർജ് അമ്പാട്ട് സെക്രട്ടറിമാരായ രഞ്ജിഷ് തെയ്യപ്പാറ, ജിൻസ് നെല്ലിപ്പൊയിൽ, ബിനു കണ്ണോത്ത്, ഉനൈസ് നൂറാംതോട് ജോഷ്വാ, ബ്ലെസ്സൺ വേളംകോട്, ആൽബിൻ നെല്ലിപ്പൊയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button