Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ; കറവ പശുക്കൾക്ക് കാലിത്തീറ്റ പദ്ധതിക്ക് തുടക്കമായി.

കൊടിയത്തുർ: കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് ആശ്വാസമായി കൊടിയത്തുർ ഗ്രാമ പഞ്ചായത്തും പന്നിക്കോട് ക്ഷീരോത്പാദക സഹകരണ സംഘവും സംയുകതമായി നടപ്പാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ പദ്ധതി, കൃഷി ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ കൊടിയത്തുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത് ഉദ്‌ഘാടനം നിർവഹിച്ചു.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ കേരളഫീഡ്സ് ലിമിറ്റഡ്, മില്‍മയിൽ നിന്നും കറവ പശുക്കള്‍ക്ക് ക്ഷീരസംഘം മുഖേന തീറ്റ വാങ്ങി ഗ്രാമസഭ വഴി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഒരു പശുവിന് പരമാവധി 100 കി.ഗ്രാം തീറ്റ ഒരു മാസം ലഭിക്കുന്ന രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നു. ഒരു ചാക്ക് തീറ്റ വാങ്ങുമ്പോൾ ഒരു ചാക്ക് കൂടി സൗജന്യമായി ലഭിക്കും.

ചടങ്ങിൽ മിൽമയുടെ സമ്മാന കൂപ്പൺ പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരീം പഴങ്കൽ നിർവഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. കെ പി സുഫിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും ക്ഷീര വികസന വകുപ്പും ചേർന്ന് കർഷകർക്ക് സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദിവ്യ ഷിബു, ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു പോലുകുന്നത്ത്, പന്നിക്കോട് ക്ഷീര സംഘം പ്രസിഡണ്ട് ടി കെ ജാഫർ, ക്ഷീര സംഘം സെക്രട്ടറി വി സുനിത തുടങ്ങിയവർ സംബന്ധിച്ചു. കുന്ദമംഗലം ഡയറി ഫാം ഇൻസ്ട്രക്ടർ പി എം റുമൈസ വിഷയാവതരണം നടത്തി.

Related Articles

Leave a Reply

Back to top button