മുക്കം നഗരസഭയുടെ “നീന്തി വാ മക്കളെ”പദ്ധതി; മൂന്നര വയസ്സുകാരി റെന ഫാത്തിമ നീന്തി ഉദ്ഘാടനം ചെയ്തു

മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭയുടെ “നീന്തി വാ മക്കളേ” പദ്ധതി മൂന്നര വയസ്സുകാരി റെന ഫാത്തിമ നീന്തി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർസിംഗർ സ്വിമ്മിംഗ് പൂളില് നടന്നു.
216 വിദ്യാർഥികൾക്ക് ട്രെയൽസ് വിജയിച്ച് സാക്ഷ്യപത്രം നേടാനായി. എട്ടു വിദ്യാർത്ഥികൾക്കു മാത്രമാണ് നീന്തി എത്താൻ ആകാതെ പോയത്. സാക്ഷ്യപത്രം നേടിയവർക്ക് 5 മാർക്ക് പ്ലസ്ടു പ്രവേശനത്തിന് ഫേസ് മാർക്കായി ലഭിക്കും. കൂടാതെ നേവി പോലെയുള്ള സേനകളിലേക്കും സമാന വകുപ്പുകളിലേക്കും നീന്തൽ അറിയുമെന്ന വെയിറ്റേജ് നേടുന്നതിനും സഹായകരമാണ് ഈ പദ്ധതി.
പരിപാടിയുടെ രണ്ടാംഘട്ടമായി നീന്തലറിയാത്ത മുഴുവൻ വിദ്യാർഥികൾക്കും പ്രാദേശിക അടിസ്ഥാനത്തിൽ പരിശീലനം നൽകും. ഇതിനായി ക്ലബ്ബുകളുടെയും സംഘടനകളുടെയും സിമ്മിംഗ് പൂളുകളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തും.
ഇരുവഞ്ഞിപ്പുഴയുടെ കുത്തൊഴുക്ക് നീന്തിക്കടന്ന് വാർത്തകളിലൂടെ ശ്രദ്ധേയയായ റെന മാധ്യമപ്രവർത്തകനായ റഫീക്ക് തോട്ടുമുക്കത്തിൻറെ മകളാണ്. ചെറുപ്പത്തിലെ നീന്തൽ പഠിച്ച എടുക്കുന്നതിന് പ്രചോദനം എന്നനിലയിലാണ് മുക്കം നഗരസഭ റന ഫാത്തിമയെ നീന്തി വാ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആക്കിയത്.
ജില്ല സ്പോർട്സ് കൗൺസിൽ ചെയർമാൻ ഡോ രാജഗോപാൽ മുഖ്യാതിഥിയായ പരിപാടിയിൽ, മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ സെക്രട്ടറി എം കെ ഹരീഷ് പദ്ധതി അവതരണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ് ഷാജഹാൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. നീലേശ്വരം ഹൈസ്കൂളിന് വേണ്ടി ടോമി ചെറിയാൻ ആദ്യ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കറ്റ് വി ചാന്ദിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റുബീന, കെ കെ, കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, ഫാത്തിമ കൊടപ്പന, നികുഞ്ചം വിശ്വൻ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ സ്വാഗതവും, മധു മാസ്റ്റർ നന്ദിയും പറഞ്ഞു.







