പൂവാറൻതോട് ജി.എൽ.പി സ്കൂളിന്; സ്വകാര്യ കമ്പനിയുടെ സഹായത്തോടെ പുതിയ ക്ലാസ് മുറികൾ

തിരുവമ്പാടി: മലമടക്കിൽ ഇല്ലായ്മകളുമായി കഴിയുന്ന കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗവ. എൽ.പി. സ്കൂളിന് താങ്ങായി സ്വകാര്യ കമ്പനി. മോണ്ടലീസ് ഇന്റർനാഷണൽ കമ്പനി സ്കൂളിന് പുതിയ ക്ലാസ്‌മുറി കെട്ടിടം നിർമിച്ചു നൽകും. കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു.
കൊക്കോ കർഷകർ ഏറെ താമസിക്കുന്ന മേഖലകളിൽ അടിസ്ഥാന വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോണ്ടലീസ് ഇന്റർനാഷണൽ കമ്പനി ആറ് രാജ്യങ്ങളിലായി നടപ്പാക്കുന്ന കൊക്കൊ ലൈഫ് സസ്‌റ്റൈനബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി കമ്പനിയുടെ സി. എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. ശൗചാലയ സൗകര്യം ഉൾപ്പെടെ രണ്ട് ക്ലാസ്‌മുറികളാണ് നിർമിച്ചു നൽകുക.
മലയോര, കുടിയേറ്റ, ആദിവാസി മേഖലയായ പൂവാറൻതോട്ടിലെ ഏക പൊതുവിദ്യാലയമാണിത്. ഭൗതിക സൗകര്യങ്ങളുടെ അഭാവംമൂലം വീർപ്പുമുട്ടുന്ന വിദ്യാലയത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തി യു.പി. സ്കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. പൊതുഗതാഗതം കുറഞ്ഞ റൂട്ടാണിത്. നാലാംക്ലാസ് കഴിഞ്ഞു ഉപരിപഠനം നടത്തണമെങ്കിൽ 10 കിലോമീറ്റർ താണ്ടണം.
ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ അധ്യക്ഷത വഹിച്ചു. മോണ്ടലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ ടെക്‌നിക്കൽ എക്സിക്യുട്ടിവ് ടി. പ്രദീഷ് കുമാർ, മേരി തങ്കച്ചൻ, വി.എസ്. രവീന്ദ്രൻ, വാർഡ് മെമ്പർ എൽസമ്മ ജോർജ്, ഒ.എ. അൻസു, എ.ഇ.ഒ. ഓംകാരനാഥൻ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ഡെന്നീസ് ചോക്കാട്ട്, ഷഹർബാൻ അസീസ്, കെ.കെ. രജില, പ്രധാനാധ്യാപകൻ മുസ്തഫ ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു.







