Thiruvambady

ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനും പ്രധാനാധ്യാപകനുമുള്ള അവാർഡ് ആനക്കാംപൊയിൽ സ്കൂളിന്

തിരുവമ്പാടി: കേരള സർക്കാരിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ജില്ലാ തല അവാർഡുകളിൽ 2 എണ്ണം ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന് ലഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡും മികച്ച പ്രധാനാധ്യാപകനുള്ള അവാർഡ് ജെയിംസ് ജോഷിക്കുമാണ് ലഭിച്ചത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പാണ് പുരസ്കാരം വിതരണം ചെയ്തത്. മുപ്പതിനായിരം രൂപയും സർട്ടിഫിക്കറ്റുകളും മെമന്റോകളും ഉൾപ്പെടുന്നതാണ് അവാർഡ്.

കോഴിക്കോട്ടുവെച്ച് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങി. വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം കോവിഡ് കാലത്ത് വിദ്യാലയ അങ്കണത്തിൽ പച്ചപ്പ് സൃഷ്ടിച്ചതാണ് അംഗീകാരം ലഭിക്കാൻ കാരണം. സ്കൂൾ കൃഷിയിടത്തിൽ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷി ഭവൻ സഹകരണത്തോടെ കരനെല്ലും ചോളവും എള്ളും ചേനയും വാഴയും പച്ചക്കറികളുമൊക്കെ കൃഷി ചെയ്ത് മികച്ച രീതിയിൽ വിളവെടുക്കാൻ വിദ്യാലയത്തിന് സാധിച്ചു. ഇവ ഉച്ചഭക്ഷണ പാചകത്തിൽ ഉപയോഗപ്പെടുത്തി വരുന്നു.

സ്കൂളിലെ മുഴുവൻ വിദ്യാർഥികളും വീടുകളിൽ പച്ചക്കറി കൃഷി ചെയ്ത് കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്കൂൾ മുറ്റത്തെ ജൈവകൃഷി വിദ്യാലയ അങ്കണം പച്ചപ്പിൽ നിലനിർത്തുന്നതിനും വിദ്യാർഥികളിൽ കാർഷികാഭിമുഖ്യം വളർത്തുന്നതിനും കാർഷിക പ്രവർത്തനങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നതിനും വിഷമില്ലാത്ത ധാരാളം ഉൽപ്പന്നങ്ങൾ വിളവെടുക്കുന്നതിനുമെല്ലാം കാരണമായിട്ടുണ്ട്.

വിദ്യാലയത്തിന്റെ കാർഷിക ജൈവ വൈവിധ്യ പ്രവർത്തനങ്ങളുടെ മികവിൽ കഴിഞ്ഞ വർഷം ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരവും പച്ചത്തുരുത്ത് അംഗീകാരവും വിദ്യാലയത്തിന് ലഭിച്ചിരുന്നു.

ജില്ലാ അവാർഡുകൾ നേടിയ അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിക്കാൻ സ്കൂൾ പിടി എ യുടെ നേതൃത്വത്തിൽ സ്വീകരണയോഗം സംഘടിപ്പിച്ചു. സ്വീകരണ യോഗത്തിൽ സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി കൃഷി ഓഫീസർ പി രാജശ്രീ .ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ, പി ടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ എം പിടി എ പ്രസിഡന്റ് ജയ ഷിമിറ്റ് , വിദ്യാർഥി പ്രതിനിധി സെബിൻ ലിബിനോ, കാർഷിക ക്ലബ് കൺവീനർ ജെസ്റ്റിൻ പോൾ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button