കൊടിയത്തൂർ പാലിയേറ്റീവിന് ഹോംകെയർ; ഒരു യൂണിറ്റ്കൂടി തുടങ്ങി

കൊടിയത്തൂർ: അപകടങ്ങളോ രോഗങ്ങളോ കാരണം തളർന്നുവീഴുന്നവർക്ക് താങ്ങും തണലുമൊരുക്കുന്ന കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സഹായഹസ്തം വീണ്ടും നീളുന്നു. ഒരു പുതിയ ഹോം കെയർ യൂണിറ്റുകൂടി പ്രവർത്തനമാരംഭിച്ചു. എം.എ. മുഹമ്മദിന്റെ സ്മരണാർഥം എം.എ. ഫൗണ്ടേഷൻ നൽകിയ വാഹനത്തിലാണ് രണ്ടാമത്തെ ഹോംകെയർ ആരംഭിച്ചത്. നിലവിൽ കൊടിയത്തൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു യൂണിറ്റാണ് ഉണ്ടായിരുന്നത്.
420-ഓളം രോഗികൾക്കാണ് പഞ്ചായത്തിൽ പാലിയേറ്റീവ് സേവകർ പരിചരണമെത്തിക്കുന്നത്.
കൊടിയത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിനടുത്ത് പൊതുജനങ്ങളുടെ സഹകരണത്തോടെ സ്വന്തമായി സ്ഥാപിച്ച കെട്ടിടം കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. എല്ലാദിവസവും ഹോം കെയറുകളും എല്ലാ വ്യാഴാഴ്ചകളിലും പാലിയേറ്റീവ് ഒ.പി.യും ഫിസിയോതൊറാപ്പിയും നടത്തുന്നു. സൗജന്യ മരുന്നുവിതരണം, നിർധനകുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം, വാസയോഗ്യമല്ലാത്ത വീടുകളുടെ റിപ്പയറിങ് തുടങ്ങിയവയും നടത്തുന്നു. 200-ഓളം വൊളന്റിയർമാരാണ് സേവകരായുള്ളത്. സ്കൂൾ വിദ്യാർഥികളുടെ സ്റ്റുഡൻറ്് പാലിയേറ്റീവും സജീവമായി പ്രവർത്തിക്കുന്നു.
കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പുതിയ ഹോം കെയർ യൂണിറ്റ്ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല, ജില്ലാപഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് ഷംലൂലത്ത്, വൈസ് പ്രസിഡൻറ്് കരീം പഴങ്കൽ, പാലിയേറ്റീവ് ചെയർമാൻ എം. അബ്ദുറഹിമാൻ, സെക്രട്ടറി പി.എം. നാസർ, കെ.പി. അബ്ദുറഹിമാൻ, ടി.ടി. അബ്ദുറഹിമാൻ, ടി.കെ. ലത്തീഫ് എന്നിവർ പങ്കെടുത്തു







