കൃസ്ത്യന്‍ സമൂഹം ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങില്ലെന്നും ഒറ്റക്കെട്ടാണെന്നും താമരശ്ശേരി ബിഷപ്പ്

കോടഞ്ചേരി: പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന പ്രഖ്യാപനവുമായി കോടഞ്ചേരിയില്‍ കത്തോലിക കോണ്‍ഗ്രസ് സമുദായ ശാക്തീകരണ വിശ്വാസ സംരക്ഷണ റാലിയും സമ്മേളനവും നടത്തി. ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങില്ലെന്നും ഈ കൂട്ടായ്മ സര്‍ക്കാറിനും മറ്റു സമുദായങ്ങള്‍ക്കുമുള്ള വലിയ സൂചനയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന കോടികള്‍ ഉപയോഗിച്ച് ഭരണ കര്‍ത്താക്കളെ പോലും വിലക്കു വാങ്ങുകയാണെന്നും ഇത്തരം ശക്തികള്‍ക്കെതിരെ കൃസ്ത്യന്‍ സമൂഹം പ്രതികരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് 104-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കോടഞ്ചേരിയില്‍ സമുദായ ശാക്തീകരണ വിശ്വാസ സംരക്ഷണ റാലിയും മഹാ സമ്മേളനവും സംഘടിപ്പിച്ചത്. ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉള്‍പ്പെടുന്ന താമരശ്ശേരി രൂപതയില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് കോടഞ്ചേരി ടൗണില്‍ നടന്ന സമ്മേളനം താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിനും മറ്റു സമുദായങ്ങള്‍ക്കുമുള്ള വലിയ സൂചനയാണ് ഈ കൂട്ടായ്മയെന്നും ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടുപോകുമ്പോള്‍ പ്രതികരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പി സി ജോര്‍ജിന്റെയും പാലാ ബിഷപ്പിന്റെയും വിവാദ പ്രസ്ഥാവനകള്‍ക്ക് പ്രഭാഷകന്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ പി സി ജോര്‍ജിന് അഭിവാദ്യം വിളിച്ചു. ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ഇത് നിര്‍ത്തിച്ചത്. ഡോ. ചാക്കോ കാളം പറമ്പില്‍ അധ്യക്ഷത വഹിച്ചു. എക്ലേസിയ ഫോറം കണ്‍വീനര്‍ ഫാ. ജോണ്‍സണ്‍ തെക്കടയില്‍, സി സി ഐ അംഗം അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, രൂപത ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസി. അഡ്വ.ബിജു പറയനിലം, കെ സി വൈ എം രൂപത പ്രസിഡന്റ് അഭിലാഷ് കൂടിപ്പാറ, ഇന്‍ഫാം രൂപത പ്രസി. അഗസ്റ്റിന്‍, മാതൃവേദി പ്രസി. ലിസി കൂട്ടിയാനി തുടങ്ങിയവര്‍ സംസാരിച്ചു.






