സംസ്ഥാനപാതനവീകരണം; തടസ്സമായിരുന്ന വൈദ്യുതത്തൂണുകൾ നീക്കം ചെയ്തു

മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതനവീകരണത്തിന് തടസ്സമായി റോഡരികിൽ കൂട്ടിയിട്ട ഉപയോഗശൂന്യമായ വൈദ്യുതത്തൂണുകൾ മാറ്റി. നോർത്ത് കാരശ്ശേരിക്കും ഓടത്തെരുവിനുമിടയിൽ മാടാംപുറത്തിന് സമീപമാണ് 20 വർഷംമുൻപ് മുതലുള്ള ഉപയോഗശൂന്യമായ പോസ്റ്റുകൾ കൂട്ടിയിട്ടിരുന്നത്.
റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണത്തിന് ഈ തൂണുകൾ തടസ്സമായതോടെ കരാർകമ്പനി കെ.എസ്.ഇ.ബി അധികൃതരോട് ഒട്ടേറെത്തവണ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടർന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ സമ്മതത്തോടെ കരാർകമ്പനിതന്നെ ഇവ എടുത്തുമാറ്റിയത്. നാല്പതോളം തൂണുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഇതോടെ ഈ ഭാഗത്തെ അഴുക്കുചാൽനിർമാണം സുഗമമാവുമെന്നാണ് പ്രതീക്ഷ. അതേസമയം, റോഡുനവീകരണത്തിന് പ്രധാന തടസ്സമായ വൈദ്യുതത്തൂണുകൾ മുഴുവനായും മാറ്റാൻ ഇനിയും നടപടിയില്ലാത്തത് പ്രതിസന്ധിയാണ്. വൈദ്യുതിവിതരണം നടന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകൾ റോഡ് വീതികൂടിയതോടെ പല സ്ഥലങ്ങളിലും റോഡിന്റെ തൊട്ടരികിലാണ്. ഇത് വലിയ അപകടസാധ്യതയാണെന്ന് നാട്ടുകാർ പറയുന്നു.







