വന്യമൃഗ ശല്യം അനുദിനം രൂക്ഷമാകുന്നു; കർഷകർക്ക് തോക്കിന് ലൈസൻസ് നൽകുന്നില്ല

മുക്കം: സുരക്ഷാ കാരണം ചൂണ്ടികാട്ടി കർഷകർക്ക് തോക്കിന് ലൈസൻസ് നൽകുന്നില്ല. വന്യമൃഗ ശല്യം മൂലം പൊറുതി മുട്ടിയ കർഷകർ ദുരിതത്തിൽ. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ നേരിടാൻ കർഷകർക്ക് തോക്കിന് ലൈസൻസ് ആവശ്യമാണ്. പക്ഷേ, തോക്കുള്ള കർഷകർക്ക് ലൈസൻസ് നിഷേധിക്കുന്നുവെന്നാണ് ആക്ഷേപം. തദ്ദേശ സ്ഥാപനങ്ങളിൽ വനം വകുപ്പിന്റെ എം പാനൽ ഷൂട്ടർമാരെ നിയമിച്ചതിനാൽ സുരക്ഷാ കാരണങ്ങളാൽ കർഷകർക്ക് ലൈസൻസിന് അനുമതി നൽകേണ്ട എന്ന പൊലീസ് നിർദേശം ചൂണ്ടിക്കാട്ടിയാണിതെന്നു കർഷകർ പറയുന്നു.
തോട്ടുമുക്കത്തെ കേവിള്ളിൽ ജോർജ് ജോസഫ് 2020 ഒക്ടോബറിൽ അപേക്ഷ സമർപ്പിച്ചതാണ്. കോവിഡ്, ലോക് ഡൗൺ എന്നിവ പറഞ്ഞ് നടപടികൾ നീണ്ടു. 2021 സെപ്റ്റംബറിലാണ് ഹിയറിങ്ങിന് വിളിച്ചത്. എം പാനൽ ഷൂട്ടർമാർ ഉള്ളതിനാൽ ഉദ്യോഗസ്ഥർ അപേക്ഷ നിരസിച്ചു. ലാൻഡ് റവന്യു കമ്മിഷണർക്ക് പരാതി നൽകി. അപേക്ഷ പരിഗണിക്കണമെന്ന് കലക്ടർക്ക് നിർദേശം നൽകി.
കഴിഞ്ഞ മാസം 21 ന് വീണ്ടും ഹിയറിങ് നടത്തി. എം പാനൽ ഷൂട്ടർമാർ ഉള്ളതിനാൽ പരിഗണിക്കേണ്ടെന്നു വീണ്ടും തീരുമാനമായി. എം.പാനൽ ഷൂട്ടർമാർ ഇല്ലെന്ന രേഖ ഹാജരാക്കി. ഇതിൽ അന്വേഷണം നടത്തിയ ശേഷം ആലോചിക്കാമെന്നായി അപ്പോൾ. എം പാനൽ ഷൂട്ടർമാർ ഉണ്ടായാൽ തന്നെ ഇവർ എത്തുമ്പോഴേക്കും വന്യ മൃഗങ്ങൾ പോയിട്ടുണ്ടാകും. ഇതൊന്നും അധികൃതർക്കു പ്രശ്നമേയല്ല.







