ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ചർച്ച സംഘടിപ്പിച്ചു

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചർച്ച സംഘടിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഇത് ആദ്യമായിട്ടാണ് വിദ്യാർഥികൾക്ക്കൂടെ അവർ പഠിക്കുന്ന പുസ്തകത്തിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന അഭിപ്രായങ്ങൾ പറയുവാനുള്ള അവസരം നൽകിയത്.
ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ചർച്ച സംഘടിപ്പിച്ചത്. കുഞ്ഞുമക്കളുടെ മനസ്സിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം പാഠപുസ്തക ചർച്ചയിൽ കുട്ടികൾ അധ്യാപകരോട് പങ്കുവെച്ചു. പ്രാദേശിക പാരിസ്ഥിതിക വിഷയങ്ങൾ, സമകാലിക സാഹചര്യങ്ങൾ എന്നിവ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് മുതിർന്ന വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
‘കുട്ടികളെ പറയൂ’ എന്ന പ്രസ്തുത ചർച്ച സ്കൂളിലെ ഡെപ്യൂട്ടി ലീഡർ സനാൻ അഹമ്മദ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് തോമസ്, സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹിഷാം എം.എച്ച്, അക്കാദമിക കൺവീനർ പ്രത്യൂഷ് കണ്ണൂർ, ആൻ ട്രീസ ജോസ്, കവിത, ലുലു മീരാൻ, സാക്കിറ, സമദ്, അനു ജോബിഷ്, ജുനേഷ്, പുഷ്പ, സേതു ലക്ഷ്മി തുടങ്ങിയ അധ്യാപകർ ചർച്ചകൾക്ക് നേതൃത്വം നൽകി.







