കരുതൽ മേഖല ആകാശസർവേ ആശങ്കകൾ ദുരീകരിക്കണം; കിഫ

തിരുവമ്പാടി: വനംവകുപ്പിന്റെ ഏകപക്ഷീയമായ ആകാശസർവേയിലൂടെ ലക്ഷക്കണക്കിനാളുകളുടെ വരുമാനമാർഗമായ കൃഷിഭൂമിയും പാർപ്പിടവും ഒറ്റയടിക്ക് കൊള്ളയടിക്കുന്ന നയത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കാർ പുറപ്പെടുവിച്ച ആകാശസർവേ റിപ്പോർട്ട് സാധാരണജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഭൂമിയിൽ കൃത്യമായി അതിർത്തി അടയാളപ്പെടുത്തണമെന്നും മലയോരവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിക്കുന്നതെന്നും കിഫ ചൂണ്ടിക്കാട്ടി.
റിപ്പോർട്ടിൽ ആക്ഷേപമുള്ളവർ 10 ദിവസത്തിനകം വിവരം ഉന്നയിക്കണമെന്ന് നിർദേശമുണ്ടെങ്കിലും ഈ റിപ്പോർട്ടിൽ ഏതൊക്കെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാതെ ആക്ഷേപങ്ങളുന്നയിക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആകാശസർവേ പ്രകാരം ലഭിച്ച റിപ്പോർട്ട് കേരളത്തിലെ പ്രത്യേകസാഹചര്യം ഉൾക്കൊണ്ടുകൊണ്ട് കൃഷിഭൂമിയും പാർപ്പിടമേഖലയും ഒഴിവാക്കി കരുതൽമേഖല എന്നത് വനത്തിനകത്തുതന്നെ നിജപ്പെടുത്തണമെന്ന് പ്രസിഡന്റ് മനോജ് കുംബ്ലാനി ആവശ്യപ്പെട്ടു.







