മാസ്ഡികോസ് സൊസൈറ്റി ഉദ്ഘാടനം ഡിസംബർ 31ന്

മുക്കം: ജില്ലയിലെ കായികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സഹകരണമേഖലയിൽ തിരുവമ്പാടി ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന മാസ്ഡികോസ് സൊസൈറ്റി ഡിസംബർ 31ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
വരുംതലമുറയെ കായികക്ഷമതയുള്ളവരാക്കി മാറ്റാൻ വിപുലമായ പദ്ധതികളാണ് സൊസൈറ്റി ആവിഷ്കരിച്ചിട്ടുള്ളത്. ചെറുപ്രായത്തിൽത്തന്നെ കായികക്ഷമത വളർത്തുന്ന വിദ്യാഭ്യാസപദ്ധതികൾ സഹകരണപ്രസ്ഥാനങ്ങളുടെയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ, സർക്കാർ നിയന്ത്രിത ഏജൻസികൾ, മറ്റു ഇതരസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെയും സഹകരണത്തോടെ നടപ്പാക്കും. കായികതാരങ്ങളെ ചെറുപ്പത്തിൽത്തന്നെ കണ്ടെത്തി വിദഗ്ധപരിശീലനം നൽകി ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പര്യാപ്തമാവുന്ന തരത്തിൽ വളർത്തിയെടുക്കും.
കേരളത്തിന് അകത്തുംപുറത്തുമുള്ള കായികതാരങ്ങൾക്ക് ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ഒരുക്കി പരിശീലനം നൽകാനും പദ്ധതിയുണ്ട്. സ്പോർട്സ്, ഗെയിംസ് ഇനങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നതിന് ജില്ല-സംസ്ഥാന സ്പോർട്സ് കൗൺസിലുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, വിദ്യാഭ്യാസസമിതികൾ, മലബാർ സ്പോർട്സ് അക്കാദമി, സമാനസ്വഭാവമുള്ള മറ്റു സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പുവരുത്തും. സർക്കാർതലത്തിലും മറ്റു ഏജൻസികൾ മുഖേനയും സംഘടിപ്പിക്കുന്ന വിവിധ കായികമത്സരപരിപാടികളിൽ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനുവേണ്ട സഹകരണവും സൊസൈറ്റി നൽകും.






