Kodanchery
കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് കോടഞ്ചേരി ഗവ.കോളേജിൽ ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദം

കോടഞ്ചേരി: കാഴ്ചപ്പാടുകൾ ഉറക്കെപ്പറയാൻ കലാലയ യുവത്വം കാണിച്ച ആവേശം കേൾവിക്കാരും ഏറ്റെടുത്തപ്പോൾ കോടഞ്ചേരി ഗവ.കോളേജിൽ വെള്ളിയാഴ്ച നടന്ന ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദം ശ്രദ്ധേയമായി. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിനാണ് കോളേജ് വേദിയൊരുങ്ങിയത്. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി നിശ്ചയിക്കണമോ?’ എന്നതായിരുന്നു സംവാദവിഷയം.
സംവാദപരിപാടി ഫെഡറൽ ബാങ്ക് കോടഞ്ചേരി ശാഖാ സീനിയർ മാനേജർ സി.എ അരുൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വൈ.സി ഇബ്രാഹിം, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. എം.വി സുമ തുടങ്ങിയവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി അഞ്ചുഘട്ടങ്ങളിലായാണ് സ്പീക്ക് ഫോർ ഇന്ത്യ സംവാദം നടക്കുന്നത്.







