Thiruvambady

കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ പൈപ്പിടൽ ഏപ്രിൽ 30ന് ഉള്ളിൽ പൂർത്തീകരിക്കും; എം.എൽ.എ ലിന്റോ ജോസഫ്

തിരുവമ്പാടി: സമഗ്ര കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷന്റെ പ്രവൃത്തികളുടെ ഭാഗമായി കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ പൈപ്പിടൽ ഏപ്രിൽ 30ന് ഉള്ളിൽ പൂർത്തീകരിക്കാൻ വാട്ടർ അതോറിറ്റി, കെ.ആർ.എഫ്.ബി വിഭാഗങ്ങളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. ജനുവരി 31ന് എം.എൽ.എ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ കിഫ്ബി പ്രവൃത്തികളായ അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ്, മണാശ്ശേരി-ചുള്ളിക്കാപ്പറമ്പ് റോഡ് എന്നീ പ്രവൃത്തികളാണ് വിശകലനം ചെയ്തത്.

റോഡ് ടാറിംഗിന് ശേഷം വാട്ടർ അതോറിറ്റി പ്രവൃത്തികൾക്കായി പൊളിക്കാതിരിക്കുന്നതിന് ടാറിംഗിന് മുൻപേ തന്നെ വാട്ടർ അതോറിറ്റി പ്രവൃത്തികൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ ഇലഞ്ഞിക്കൽ മുതൽ തമ്പലമണ്ണ വരെയുള്ള 2 കി.മി ഭാഗം മാർച്ച് 5നുള്ളിൽ പൈപ്പിടൽ പൂർത്തീകരിച്ച് കെ.ആർ.എഫ്.ബി ക്ക് കൈമാറും. അഗസ്ത്യൻമുഴി മുതൽ തിരുവമ്പാടി വരെയുള്ള പൈപ്പിടൽ ഫെബ്രുവരി 15ന് ആരംഭിച്ച് മാർച്ച് 31നുള്ളിൽ പൂർത്തീകരിക്കും. തമ്പലമണ്ണ മുതൽ കോടഞ്ചേരി വരെയുള്ള പൈപ്പിടൽ മാർച്ച് 31നുള്ളിലും കോടഞ്ചേരി മുതൽ കൈതപ്പൊയിൽ വരെയുള്ളത് ഏപ്രിൽ 30നുള്ളിലും പൂർത്തിയാക്കും. ഇതിന് പുറമേ കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ ഡി.ബി.എം ചെയ്യാത്ത ഇടങ്ങളിൽ 5.5 മീറ്ററിൽ ഡി.ബി.എമ്മും ഇരു വശങ്ങളിലും 75 സെ.മീ വീതിയിൽ ഇന്റർലോക്കും ചെയ്യുന്നതിനും തീരുമാനിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.

Related Articles

Leave a Reply

Back to top button