Mukkam
ശിവരാത്രി ആഘോഷനിറവിൽ തൃക്കുടമണ്ണ ശിവക്ഷേത്രം

മുക്കം: ആഘോഷനിറവിൽ തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഇന്ന് ശിവരാത്രി മഹോത്സവം. ഇന്ന് പുലർച്ചെ നടതുറന്നതോടെ ആയിരക്കണക്കിനാളുകളാണ് ദർശനത്തിനായി ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തുന്നത്. ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് കടക്കാൻ പ്രത്യേക നടപ്പാലം നിർമിച്ചിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം റോഡും ക്ഷേത്രം ബോർഡും എന്റെ മുക്കം സന്നദ്ധസേനാ പ്രവർത്തകർ ശുചീകരിച്ചു.
വിവിധ ദേശങ്ങളിൽനിന്ന് ശിങ്കാരിമേളത്തിന്റെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെയുള്ള വരവാഘോഷങ്ങൾ ഇന്ന് രാത്രി 9 മണിയോടെ ക്ഷേത്രത്തിലെത്തും. വൈകീട്ട് കൊല്ലം അനശ്വരയുടെ ‘അമ്മമനസ്സ്’ നാടകവും രാത്രി 10:30ന് കരിമരുന്ന് കലാപ്രകടനവും അരങ്ങേറുമെന്ന് ക്ഷേത്രം പ്രസിഡൻറ് രാജേശൻ വെള്ളാരംകുന്ന്, ഉത്സവകമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ എന്നിവർ അറിയിച്ചു.







