കൈത്താങ്ങ് പദ്ധതിയിൽ ആറ് വീടുകളുടെ താക്കോൽ ദാനം നടത്തി

മുക്കം: വയനാട് മണ്ഡലത്തിൽ ‘കൈത്താങ്ങ്’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ആറ് ഭവനങ്ങളുടെ താക്കോൽ ദാനവും യു.ഡി.എഫ് കൺവെൻഷന്റെ ഉദ്ഘാടനവും രാഹുൽ ഗാന്ധി എം.പി നിർവഹിച്ചു. മലപ്പുറം, വയനാട് ജില്ലകളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നിർമ്മാണം പൂർത്തീകരിച്ച 6 വീടുകളുടെ താക്കോൽ ദാനമാണ് നടത്തിയത്. വീടില്ലാത്ത ഒട്ടറേപ്പേർ നിവേദനങ്ങളുമായി എത്തിയപ്പോഴാണ് ഇത്തരം ഒരു പദ്ധതി തയാറാക്കാൻ തീരുമാനിച്ചതെന്നും വീടുകളുടെ നിർമാണത്തിൽ ഒരു ദിവസമെങ്കിലും നേരിട്ടു പങ്കാളിയാകണമെന്ന ആഗ്രഹമുണ്ടെന്നും എം.പി അറിയിച്ചു. കെ.സുധാകരനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളെയും ആ ശ്രമദാനത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുകയും ചെയ്തു.
ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, സി.കെ കാസിം, കെ.ടി മൻസൂർ, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, എ.പി അനിൽകുമാർ എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം നിയാസ്, കെ.കെ ഏബ്രഹാം, കെ ജയന്ത്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ്, ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കെ.സി അബു, എൻ.കെ അബ്ദുറഹ്മാൻ, പി.ടി മാത്യു തുടങ്ങിയവർ പങ്കെടുത്തു. യു.ഡി.എഫ് കൺവൻഷന്റെ വേദിയിൽ ഒരു വനിത പോലും ഇല്ലാത്തതിനെതിരെ പൊതുവേദിയിൽ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു.







