India

തന്റെ സമ്മതം കൂടാതെയാണ് അഭിഭാഷക ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്: അതിനാല്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണം; നിര്‍ഭയ പ്രതി വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയക്കേസ് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു. നിര്‍ഭയക്കേസിലെ പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയില്‍ ഒരാളായ മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തന്റെ സമ്മതം കൂടാതെയാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ നേരത്തെ, ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചത്. അതിനാല്‍ പുതിയ ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കണമെന്നും, ബൃന്ദ ഗ്രോവറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് മുകേഷ് സിങ്ങിനു വേണ്ടി പുതിയ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കോടതി ഇന്ന് ഹോളി അവധിക്കായി അടയ്ക്കുകയാണ്. ഇനി കോടതി തുറക്കുമ്പോഴായിരിക്കും ഹര്‍ജി പരിഗണിക്കുക.

കഴിഞ്ഞ ദിവസമാണ് നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്ക് എതിരെയും ഡല്‍ഹി പാട്യാല കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റണമെന്നാണ് മരണ വാറന്റ്. ഇത് നാലാം തവണയാണ് മരണ വാറന്റ് പുറപ്പെടുവിക്കുന്നത്. പ്രതികള്‍ ഒരോരുത്തരായി തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കിയതിനാലാണ് വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോയത്.

Related Articles

Leave a Reply

Back to top button